KeralaNEWS

തുവ്വൂർ കൊലപാതകം ; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഉൾപ്പെടെ 5 പേർ റിമാൻഡിൽ

മലപ്പുറം:  യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നകേസിൽ യൂത്ത് കോണ്‍ഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറി വിഷ്ണു ഉൾപ്പെടെ 5 പേരെ റിമാൻഡ് ചെയ്തു.കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ഇന്നലെ രാവിലെയാണ് പുറത്തെടുത്തത്.
പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലായിരുന്നു.തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സുജിതയിൽ നിന്നും വിഷ്ണു പലപ്പോഴായി പണം കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേർന്ന് അതിക്രൂരമായി സുജിതയെ കൊലപ്പെടുത്തുകയായിരുന്നു.യുവതിയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ ഇത് ജൂവലറിയില്‍ വിറ്റ് പണം പങ്കിട്ടെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. പി.എച്ച്.സി.യിലേക്ക് പോവുകയാണെന്ന് ഓഫീസില്‍നിന്നിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു.ഇതോടെ കരുവാരക്കുണ്ട് പോലീസ് യുവതിക്കായി അന്വേഷണം ആരംഭിച്ചു.
സുജിത അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ സ്വിച്ച് ഓഫ് ആയത് പഞ്ചായത്ത് ഓഫീസിനും ഇയാളുടെ വീടിനും അടുത്തുവെച്ചാണെന്നും മനസ്സിലാക്കി. തുടര്‍ന്ന് വിഷ്ണുവില്‍നിന്ന് പോലീസ് മൊഴിയെടുത്തു.എന്നാൽ ഇയാൾ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതി ചില സ്വര്‍ണാഭരണങ്ങള്‍ ജൂവലറിയില്‍ വിറ്റതായി പോലീസ് കണ്ടെത്തിയത്.ഇതാണ് ദുരൂഹതനിറഞ്ഞ തിരോധാനക്കേസില്‍ വഴിത്തിരിവായത്.
അര്‍ധരാത്രിയോടെയാണ് സുജിതയുടെ മൃതദേഹം മറവുചെയ്തത്.വിഷ്ണുവിന്റെ വീടിന്റെ പിറകില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്സുകളും മെറ്റലും എം.സാന്‍ഡും അവിടെ നിരത്തി.മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിര്‍മാണപ്രവൃത്തി നടത്താനായിരുന്നു പ്രതികളുടെ പദ്ധതി.

Back to top button
error: