ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് അംബാനിമാർ. അതിൽ മുകേഷ് അംബാനി മാത്രമല്ല, അദ്ദേഹത്തിൻറെ ഭാര്യ നിത അംബാനി, മക്കളായ ആകാശ്, അനന്ത് അംബാനി, മകൾ ഇഷ അംബാനി തുടങ്ങിയ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ആഡംബരപൂർണവും വിലകൂടിയതുമായ ലോകത്തിലെ സകതല വസ്‍തുക്കളും സ്വന്തമായുള്ള മിന്നുന്ന ജീവിതശൈലിയുടെ ഉടമകളാണ് അംബാനിമാർ. ആഭരണങ്ങളും ഭൂമികളും വീടുകളും ബാഗുകളും കാറുകളും അടക്കം എല്ലാത്തിൻറെയും ഏറ്റവും ആഡംബരം നിറഞ്ഞ ശേഖരങ്ങൾ അവരുടെ പക്കലുണ്ട്.
അംബാനിമാരുടെ മുംബൈയിലെ അത്യാഡംബര വസതിയായ ആൻറിലിയയിൽ ഒരേസമയം എത്ര കാറുകൾ പാർക്ക് ചെയ്യാമെന്ന് ഇന്നുവരെ ആർക്കും വ്യക്തമായി അറിയില്ല. ഇവിടെ ലോകത്തെ പ്രമുഖ ലക്ഷ്വറി വാഹന നിർമ്മാതാക്കളുടെ ഹൈ-എൻഡ് വാഹനങ്ങളുടെ ആകർഷകമായ ശേഖരമുള്ള ഒരു വലിയ ഗാരേജുണ്ട്. റൾസ് റോയിസ് , നിസാൻ ജിടിആർ, പോർഷെ 911 ജിടി3, ബെന്റ്ലി, ലാൻഡ് റോവർ, ലംബോർഗിനി തുടങ്ങിയ കാറുകളുടെ അമ്പരപ്പിക്കുന്ന ഈ ശേഖരത്തിൻറെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. കോടികൾ വിലയുള്ള പല മോഡലുകളുടെയും മൂന്നും നാലും യൂണിറ്റുകൾ പോലും ഈ ഗാരേജിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അടുത്തകാലത്തായി ഈ ഗാരേജിൽ നിന്നും ഓരോ തവണയും പുറത്തിറങ്ങുമ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഒരു റോൾസ് റോയിസ് കള്ളിനൻ. അവിടെയുള്ള ഏറ്റവും ചെലവേറിയ എസ്‌യുവികളിലൊന്നായ ഈ കാറിനെ പലപ്പോഴും ബ്യൂട്ടി ഓൺ വീൽ എന്ന് വിളിക്കുന്നു. 13 കോടി രൂപ വീതം വിലയുള്ള അംബാനിയുടെ മൂന്നു റോൾസ് റോയിസ് കള്ളനനുകളിൽ ഒരെണ്ണമാണിത്.
ഓടുന്നതിനിടെ നിറം മാറുന്നു എന്നതാണ് ഈ കാറിൻറെ ഏറ്റവും വലിയ പ്രത്യേകത. അടുത്തിടെ, ഇഷ അംബാനി ഈ കാറിൽ സഞ്ചരിച്ചതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. ഓടുന്നതിനിടെ ഈ എസ്‌യുവിയുടെ നിറം ഓരോ നിമിഷവും മാറുന്നു എന്നതാണ് ശ്രദ്ധേയം. ടസ്‌കൻ സൺ കളർ ഷെയ്‌ഡാണ് അംബാനിയുടെ പുതിയ കള്ളിനന്. കാറിൽ കൂടുതൽ നിറങ്ങളൊന്നും പൂശിയിട്ടുമില്ല. പിന്നെങ്ങനെയാണ് ഈ മാജിക്ക് സംഭവിക്കുന്നതെന്നാണ് ചില വാഹന പ്രേമികളുടെയെങ്കിലും സംശയം. ഇങ്ങനെ ഓന്തിനെപ്പോലെ നിറം മാറുന്ന വിദ്യയ്ക്കായി അംബാനിമാർ മുടക്കിയത് ഒന്നുംരണ്ടും ലക്ഷം രൂപയൊന്നുമല്ല, ഒരു കോടി രൂപയാണ്. അതായത് 13.14 കോടി രൂപ വിലയുള്ള കാറിനാണ് അംബാനിമാർ ഒരു കോടിയുടെ പെയിൻറ് അടിച്ചതെന്ന് ഓർക്കണം. പിന്നെങ്ങനെ നിറം മാറാതിരിക്കും അല്ലേ? ഇനി കാറിൻറെ നിറം മാറുന്ന വിദ്യയുടെ രഹസ്യത്തെക്കുറിച്ച് അറിയാം.
സൈക്കഡെലിക്ക് പെയിൻറ് സ്‍കീമിൽ പൊതിഞ്ഞതാണ് ഈ കാർ. ഈ റാപ് പ്രകാശത്തിന്റെ വിവിധ ഷേഡുകൾക്ക് കീഴിൽ വ്യത്യസ്‍ത നിറങ്ങളെ പ്രതിഫലിപ്പിക്കുന്നു. കാണുന്നവരിൽ ഈ കാർ നിറം മാറുന്നുവെന്ന മിഥ്യാധാരണ സൃഷ്‍ടിക്കുന്നു. അതായത് വ്യത്യസ്‍ത കോണുകളിൽ നിന്ന് നോക്കുമ്പോൾ വ്യത്യസ്‍ത ഷേഡുകളിലോ നിറങ്ങളിലോ വാഹനം പ്രത്യക്ഷപ്പെടുന്നു എന്ന് ചുരുക്കം. റോൾസ് റോയ്സ് കള്ളിനന്റെ അടിസ്ഥാന വില 6.8 കോടി രൂപയിൽ ആരംഭിക്കുമ്പോൾ അംബാനി സ്വന്തമാക്കിയ ഈ കസ്റ്റമൈസ്ഡ് റോൾസ് റോയ്സ് കള്ളിനന്റെ വില ഏകദേശം 13.14 കോടി രൂപയാണ്. അധിക ഓപ്ഷണൽ ഫീച്ചറുകളും കസ്റ്റമൈസേഷനുകളും മൊത്തത്തിലുള്ള ചെലവ് ഗണ്യമായി ഉയർത്തുന്നു. പുതിയ കള്ളിനൻ അതിന്റെ രജിസ്ട്രേഷൻ നമ്പർ “0001” കൊണ്ടും വേറിട്ടുനിൽക്കുന്നു. ഈ നമ്പറിനായി മാത്രം കുടുംബം 12 ലക്ഷം രൂപ നൽകി. നിലവിലെ സീരീസിൽ നിന്നുള്ള എല്ലാ നമ്പറുകളും ഇതിനകം എടുത്തതിനാൽ, അംബാനിമാർ ഒരു പുതിയ സീരീസിൽ നിന്ന് ഒരു നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു. രജിസ്ട്രേഷന് 2037 ജനുവരി വരെ സാധുതയുണ്ട്. കൂടാതെ 40,000 രൂപ അധിക റോഡ് സുരക്ഷാ നികുതിയും അടച്ചിട്ടുണ്ട്.