KeralaNEWS

രമേശ് ചെന്നിത്തലയെ ഒതുക്കിയത് കെ സി വേണുഗോപാലോ ?

കോട്ടയം: ‍ കോൺഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള രമേശ് ചെന്നിത്തലയുടെ പ്രവേശനം തടയാൻ ചരട് വലിച്ചത് കെ സി വേണുഗോപാൽ എന്ന് സൂചന.ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതോടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍നിന്ന് ചെന്നിത്തലയെ മാറ്റിനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കെ സി വേണുഗോപാല്‍.

ചെന്നിത്തലയ്ക്ക് പരാതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന വേണുഗോപാലിന്റെ പ്രതികരണത്തില്‍ ഇക്കാര്യം വ്യക്തമാണ്.അതേസമയം വേണുഗോപാലിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങാൻ മുന്നിലുള്ള പ്രധാന തടസ്സം താനാണെന്ന് അറിയുന്നതിനാല്‍ എന്തെങ്കിലും സ്ഥാനം സ്വീകരിച്ച്‌ ഒതുങ്ങാനില്ലെന്ന നിലപാടിലാണ് ചെന്നിത്തല.പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് കഴിഞ്ഞാല്‍ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കാനും തനിക്കെതിരായ നീക്കത്തിന് ഡല്‍ഹിയില്‍ ചരടുവലിച്ചവര്‍ക്കെതിരെ ആഞ്ഞടിക്കാനുമാണ് ചെന്നിത്തലയുടെ തീരുമാനം.ചെന്നിത്തലയ്ക്ക് പരാതിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരുടെ പ്രതികരണത്തിനു പിന്നാലെയാണ് ആറിനുശേഷം തുറന്നുപറയുമെന്ന ചെന്നിത്തലയുടെ പ്രതികരണം.

Signature-ad

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റി വി ഡി സതീശനെ പ്രതിഷ്ഠിച്ചതിനു പിന്നിലും കെ സി വേണുഗോപാലായിരുന്നുവെന്നാണ് ചെന്നിത്തലയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. വി ഡി സതീശനും കെ സുധാകരനുമടക്കമുള്ളവരുടെ പ്രതികരണങ്ങളും ചെന്നിത്തലയ്ക്ക് എതിരായിരുന്നു. ഇവരുടെ നീക്കങ്ങളെ തുറന്ന് എതിര്‍ക്കുമെന്ന സൂചനയാണ് ചെന്നിത്തല നല്‍കുന്നത്.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അമര്‍ഷവുമായി ഞായര്‍ ഉച്ചയ്ക്കുശേഷം പുതുപ്പള്ളിവിട്ട രമേശ് ചെന്നിത്തല രോഷം ഉള്ളിലൊതുക്കി പിറ്റേന്നാണ് മടങ്ങിയെത്തിയത്.ഹൈക്കമാൻഡും കേരളത്തിലെ നേതൃനിരയും കൂട്ടായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചെന്നിത്തല പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തിയത്.

‘‘മറ്റു കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സെപ്തംബര്‍ ആറിന് തുറന്നുപറയാം. ഞാനൊരു സാധാരണ പ്രവര്‍ത്തകനാണ്. 14 ന് ഇവിടെ വന്നു. ഒരു ദിവസം മാറിനില്‍ക്കേണ്ടി വന്നു. അത്രയേയുള്ളൂ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് അജൻഡ.’’ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് ആരെയൊക്കെ പരിഗണിക്കണമെന്ന കാര്യത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അന്തിമതീരുമാനം എടുത്തത്. വേണുഗോപാലിന്റെ നിര്‍ദേശം പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ അംഗീകരിക്കുകയായിരുന്നു. ചെന്നിത്തലയേക്കാള്‍ ശശി തരൂരാണ് യോഗ്യനെന്ന അഭിപ്രായം വേണുഗോപാല്‍ ഖാര്‍ഗെയെ അറിയിച്ചു. തരൂരിനെ ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ നിലനിര്‍ത്തുകയെന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്.

രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താതെ ഒതുക്കിയതിനുപിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച്‌ മികച്ചപ്രകടനം നടത്തിയ തരൂരിനെ ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ നിലനിര്‍ത്തുകയെന്ന തന്ത്രമാകും വേണുഗോപാല്‍ ഇനി പ്രയോഗിക്കുക. പ്രതിപക്ഷ നേതാവെന്നനിലയില്‍ നിറംമങ്ങിയ വി ഡി സതീശനെ സാവകാശത്തില്‍ ഒതുക്കാനാകുമെന്നും വേണുഗോപാല്‍ കരുതുന്നു. ഹൈക്കമാൻഡുമായുള്ള അടുപ്പം ഇക്കാര്യത്തില്‍ വേണുഗോപാലിന് തുണയാകും.

Back to top button
error: