കാടിനുള്ളിൽ
പ്രകൃതി ഒരുക്കിയ തടാകത്തിന്റെ തീരത്ത്,പക്ഷികളുടെ സംഗീത വിരുന്നും,കൺ നിറയെ കാഴ്ചകളും ഒളുപ്പിച്ചു വച്ച് ഒരു സുന്ദരിയെ പോലെ സഞ്ചാരികളെ മാടി വിളിക്കുകയാണ് ഗവി.തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഒന്നു മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതുപോലൊരു സ്ഥലം ഈ ഭൂമിമലയാളത്തിൽ വേറെയുണ്ടാകില്ല.
പത്തനംതിട്ട ജില്ലയിലെ കേരള വനംവികസന കോർപ്പറേഷന്റെ കീഴിലുള്ള ഒരു പരിസ്ഥിതി ടൂറിസം പദ്ധതിയാണ് ഗവി.നിത്യഹരിത വനപ്രദേശമായ ഇവിടം റാന്നി റിസർവ് വനത്തിന്റെ ഭാഗമാണ്.പത്തനംതിട്ട ജില്ലയുടെ കിഴക്കായി ഏകദേശം നൂറ്റിപ്പത്തു കിലോമീറ്റർ ദൂരത്തിൽ ശബരിമലയുടെ അടിവാരത്തായാണ് ഗവി സ്ഥിതി ചെയ്യുന്നത്.ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.കോട്ടയത്തു നിന്നും വണ്ടിപ്പെരിയാറിലേക്കും ആങ്ങമൂഴിയിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്. വണ്ടിപ്പെരിയാറിൽ നിന്ന് വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി ഗവിയിലെത്താം.
ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയിലോ റാന്നിയിലോ എത്തിയും ഗവിക്കു പോകാം.ഇതുവഴിയുള്ള യാത്രയാണ് കൂടുതൽ ആകർഷകം. ശബരിമല റൂട്ടിൽ ആങ്ങമുഴിയിൽ എത്തി ഏകദേശം എൺപതു കിലോമീറ്റർ കാടിന്റെ ഹൃദയത്തിലൂടെയുള്ള ഈ യാത്ര സഞ്ചാരികൾക്കു നല്ലൊരു അനുഭവമായിരിക്കും പ്രദാനം ചെയ്യുക.ഒരു കാര്യം ഇവിടെ പ്രത്യേകം പറഞ്ഞുകൊള്ളട്ടെ, കുമളിയിൽ നിന്നും പാക്കേജ് ടൂർ വഴിയോ അല്ലാതെയോ വണ്ടിപ്പെരിയാർ വള്ളക്കടവു വഴി ഗവി കണ്ടു മടങ്ങാൻ ആഗ്രഹിക്കരുത്. ഗവി യാത്ര ആസ്വദിക്കാൻ ആ റൂട്ടിൽ നിങ്ങൾക്ക് ഒരിക്കലും
കഴിയുകയില്ല.അതിനു പത്തനംതിട്ട-ആങ്ങമൂഴി-ഗവി റൂട്ടുതന്നെയാണ് കൂടുതൽ അനുയോജ്യം.
പശ്ചിമഘട്ടത്തിലെ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ഗവി വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന ഒരു നിയന്ത്രിത വിനോദസഞ്ചാര കേന്ദ്രമാണ്. ആങ്ങമൂഴിയിലാണ് വനംവകുപ്പിന്റെ ഗവി റൂട്ടിലെ ആദ്യ ചെക്ക് പോസ്റ്റ്. ഇവിടെ നിന്നുമാണ് ഗവിയിലേക്കുള്ള പാസ് കിട്ടുന്നതും. വണ്ടി നമ്പർ, ഫോൺ നമ്പർ, യാത്രക്കാരുടെ അഡ്രസ് എന്നിവ എഴുതിക്കൊടുത്തു വേണം പാസ് എടുക്കാൻ.പാസ് രാവിലെ ഏഴു മണി മുതൽ കൊടുത്തു തുടങ്ങും.ദിവസം പത്തു വണ്ടികൾ മാത്രമേ കടത്തി വിടുകയുള്ളു;ഒഴിവു ദിവസങ്ങളിൽ മുപ്പതും! ശ്രദ്ധിക്കുക: ടു വീലേഴ്സിന് ഗവിയിലേക്ക് പാസ് നൽകുകയില്ല. കൂടാതെ സ്വന്തം വണ്ടിയിലാണെങ്കിൽ (കാറു പോലെയുള്ള ചെറിയ വണ്ടികളിൽ) വരാതിരിക്കയാണ് നല്ലതും. ജീപ്പോ ടെംപോ ട്രാവലർ പോലുള്ള വണ്ടികളോ ആണ് കൂടുതൽ സൗകര്യപ്രദം.
ഏകദേശം നൂറുകിലോമീറ്ററോളം(ആങ്ങമൂഴി-ഗവി -വണ്ടിപ്പെരിയാർ) കുണ്ടും കുഴിയും(കെ.കെ.റോഡല്ല) നിറഞ്ഞ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് ഓർക്കുക.ചെറിയ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം.അതിനാൽ ജീപ്പ് പോലുള്ള വാഹനങ്ങളായിരിക്കും ഒന്നുകൂടി നല്ലത്.മദ്യം പ്ലാസ്റ്റിക് എന്നിവ കൊണ്ടു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വനത്തിനുള്ളിൽ പ്ലാസ്റ്റിക്കോ മറ്റോ വലിച്ചെറിയുന്നതും ശിക്ഷാർഹമാണ്. ആങ്ങമൂഴി മുതൽ ഗവി-വള്ളക്കടവു വരെ മൊത്തം ഏഴു ചെക്ക്പോസ്റ്റുകളാണ് ഉള്ളതെന്ന കാര്യവും മറക്കാതിരിക്കുക.
ആദ്യത്തെ ചെക്ക് പോസ്റ്റിൽ നമ്മൾ നേരത്തെ എടുത്ത പാസും കൂടെ കരുതിയിരിക്കുന്ന സാധനങ്ങളും (കുടിവെള്ളം നിറച്ച ബോട്ടിലുപോലും) കാണിക്കണം.അവയുടെ കണക്കെടുത്ത്, വണ്ടിയും ചെക്കു ചെയ്തശേഷമേ ഉള്ളിലേക്ക് കടത്തി വിടുകയുള്ളൂ. റോഡ് വളരെ ഇടുങ്ങിയതും പൊട്ടിപൊളിഞ്ഞതുമാണ്.അതിനാൽ ഇനിയുള്ള യാത്ര അതീവ ശ്രദ്ധയോടെ വേണം. ഗവി റൂട്ടിലെ ഒന്നാമത്തെ ഡാമാണ് മൂഴിയാർ ഡാം. (വിഡിയോ -ഫോട്ടോഗ്രാഫികൾക്ക് പ്രത്യേകം പ്രത്യേകം ചാർജുകളാണുള്ളത്. മൂഴിയാറിൽ ഇത് അനുവദനീയവുമല്ല) മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഡാമിന്റെ കാഴ്ച എടുത്തു പറയേണ്ടതു തന്നെയാണ്.
ഗവിയിലേക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അവിടെ കടകളോ ഹോട്ടലുകളോ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്- കെഎഫ്ഡിസിയുടെ റസ്റ്റോറന്റ് ഒഴികെ.(അവിടെ ഭക്ഷണത്തിനും താമസത്തിനും മുൻകൂർ ബുക്ക് ചെയ്യേണ്ടതുണ്ട്) അതുകൊണ്ടു തന്നെ അത്യാവശം വേണ്ട ഭക്ഷണങ്ങളും കുടിവെള്ളവും കൂടെ കരുതാൻ മറക്കേണ്ട. മൂഴിയാർ കഴിഞ്ഞാൽ പിന്നെ റോഡിന്റെ അവസ്ഥ ഒന്നുകൂടി പരിതാപകരമാണ്. പോകുന്ന വഴി ഒരുപാട് ആനപിണ്ടങ്ങൾ കാണുവാൻ സാധിക്കും.ഭാഗ്യമുണ്ടെങ്കിൽ ആനകളേയും!
മൂഴിയാർ കഴിഞ്ഞു പോകുന്ന വഴിക്ക് കക്കി ഡാമിന് തൊട്ടുമുമ്പായി ഭീമൻ പെൻസ്സ്ട്രോക്ക് പൈപ്പുകൾ നമുക്കു കാണുവാൻ സാധിക്കും. കക്കി ഡാമിൽനിന്നും മൂഴിയാർ ഡാമിലേക്ക് കറന്റിന് ആവശ്യമായ വെള്ളം ഈ പൈപ്പിലൂടെയാണ് പമ്പ് ചെയ്യുന്നത്. ഏകദേശം 25 കിലോമീറ്ററോളം പൈപ്പുകളുണ്ട്. അതിൽ 5 കിലോമീറ്ററുകളോളം ഭൂഗർഭ ടണലിലൂടെയാണ് കടന്നുപോകുന്നത്.
മുമ്പോട്ടുള്ള യാത്രയിലുടനീളം പച്ച പൊതിഞ്ഞ കുന്നുകളും പുൽമേടുകളും ചെറിയ ചെറിയ നീർച്ചാലുകളും കാണാം.നീലിച്ചു നിൽക്കുന്ന ആകാശവും ഇടുങ്ങിയ വഴിത്താരയും നമുക്കു മുന്നിൽ പുതിയ ഒരു ലോകം തന്നെ തീർക്കും. കക്കി ഡാമിനോടു ചേർന്നു കിടക്കുന്ന വ്യൂ പോയിന്റ് വളരെ മനോഹരമായ ഒരു കാഴ്ചയാണ്.ഒരു ഭാഗത്തു വെള്ളവും മറുഭാഗത്തു പച്ചപിടിച്ച മലകളും നൽകുന്ന അതി മനോഹരമായ കാഴ്ചയാണ് കക്കി ഡാമിനെ കൂടുതൽ ആകർഷമാക്കുന്നത്.
കക്കി ഡാമും കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ ഒരു എക്കോ പോയിന്റ് കാണാൻ സാധിക്കും.(അവിടുത്തെ പാറകൾ പൊട്ടിച്ചാണ് ഡാമുകൾ നിർമ്മിച്ചത്) അവിടെ നിന്നും മുന്നോട്ടു സഞ്ചരിച്ചാൽ മൂന്നാമത്തെ ഡാമായ ആനത്തോട് ഡാമിലെത്താം. 1964 നിർമാണം തുടങ്ങി 1967 നിർമാണം പൂർത്തിയാക്കിയ ഡാമാണ് ഇത്. അതിന്റെ നിർമാണത്തിന് ഉപയോഗിച്ച റോഡ് റോളുകളിൽ ഒന്ന് ഇപ്പോഴും ഒരു സ്മാരകം പോലെ അവിടെയുണ്ട് .ഗവിക്കു വരുന്നവർ ആ റോഡ് റോളർ ശ്രദ്ധിയ്ക്കാതിരിക്കില്ല; കുതിരവട്ടം പപ്പുവിനെയും!
ആനത്തോട് മുതൽ ഗവി വരെയുള്ള റോഡ് വളരെ പൊട്ടിപൊളിഞ്ഞ, ഓഫ് റോഡിനെ അനുസ്മരിപ്പിക്കും വിധം ഉള്ളതാണ്. അതാണ് മുൻപു പറഞ്ഞത്, ചെറു വണ്ടികളുമായി ഗവിയിലേക്ക് വരരുതെന്ന്! അവിടെ നിന്നും മുന്നോട്ടു പോയാൽ ആനത്തോട് ചെക്ക്പോസ്റ്റിൽ എത്താം. ആദ്യം എടുത്ത പാസിന്റെ ആനുകൂല്യം ഇവിടെ വരെ മാത്രം. ഇവിടെ നിന്നും ഇനി പെരിയാർ വൈൽഡ് ലൈഫിലേക്കു കയറുകയാണ്. ഒരു കാറിന് 300 രൂപയാണ്(നിരക്കുകൾ മാറാൻ സാധ്യതയുള്ളതിനാൽ ഉറപ്പുവരുത്തുക) ചെക്ക് പോസ്റ്റിൽ അടയ്ക്കേണ്ട തുക. വൈകുന്നേരം ആറുമണി
വരെയാണ് ആ പാസിന് അനുവദിച്ചിട്ടുളള സമയം.
അവിടെനിന്നും അടുത്തതായി വരുന്നത് പച്ചക്കാനം ചെക്ക്പോസ്റ്റാണ്.ശങ്കർ നായകനായി അഭിനയിച്ച ‘ഇതെന്റെ നീതി’ എന്ന സിനിമ ഓർമ്മ വരുന്നില്ലേ..? യജമാനനെ കൊന്നവരോടുള്ള ഒരു നായയുടെ പ്രതികാരത്തിന്റെ ഹൃദയസ്പർശിയായ കഥ !! ഇവിടെയാണത് ഷൂട്ട് ചെയ്തത്.
ഇവിടെയും വണ്ടിയുടെയും യാത്രക്കാരുടെയും ഡീറ്റെയ്ൽസ് എഴുതി നൽകണം.അതും കഴിഞ്ഞു മുന്നോട്ടു പോയാൽ KSEB യുടെ ഒരു കാന്റീൻ കാണാൻ സാധിക്കും. നമ്മുടെ പഴയ രീതിയിലുള്ള ഒരു നാടൻ ചായക്കടയെ അനുസ്മരിപ്പിക്കും വിധം ഒന്ന്. (അതുകൊണ്ടാണ് ആദ്യമേ സൂചിപ്പിച്ചത് ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും കരുതിക്കോണമെന്ന്.)
ഗവി എത്തുന്നതിനു തൊട്ടു മുമ്പായാണ് കൊച്ചുപമ്പ എന്ന സ്ഥലം.മനോഹരമായ ഒരു എക്കോ ടൂറിസം പോയിന്റാണ് അവിടം. (മുൻകൂട്ടി ബുക്ക് ചെയ്താൽ അവിടെയും ഫുഡും മറ്റും കിട്ടും) കൂടാതെ ബോട്ട് സവാരിയും നടത്താം. 75(നിരക്കുകളിൽ മാറ്റം വരാം) രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇവിടെ നിന്നും പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ ഗവിയായി.അതിനു മുമ്പായി ഒരു ചെക്ക് ഡാമും കാണാം.
ചെക്ക്ഡാം കഴിഞ്ഞാൽപ്പിന്നെ ഗവിയിലെ തോട്ടംതൊഴിലാളികളുടെ മക്കൾ പഠിക്കുന്ന LP സ്കൂൾ.പിന്നെ ഗവി പോസ്റ്റ് ഓഫീസും ബസ് സ്റ്റോപ്പും.അവിടെ നിന്നും അൽപ്പം കൂടെ മുന്നോട്ടു പോയാൽ അങ്ങിങ്ങായി ചെറിയ വീടുകൾ(ലയങ്ങൾ) കാണാം.എൺപതുകളുടെ ആദ്യം ശ്രീലങ്കയിൽ നിന്നും കുടിയിറക്കിയ തമിഴ് വംശജരാണ് ഇപ്പോൾ ഇവിടെയുള്ളത്.ഏലത്തോട്ടത്തിലെയും ഫാക്ടറിയിലേയും തൊഴിലാളികളാണിവർ. അതും കഴിഞ്ഞാൽ നമ്മൾ കാത്തിരുന്ന ഗവി ടൂറിസം സ്പോട്ടായി.
കാനനമധ്യത്തിൽ അവളങ്ങനെ സുന്ദരിയായി കിടന്നുകൊണ്ട് അടുത്തേക്ക് ചെല്ലുവാൻ നമ്മളെ നിശബ്ദമായി പ്രലോഭിക്കും.എങ്ങോട്ടു പോകണമെന്നറിയാതെ നമ്മൾ പതറി നിൽക്കും.എവിടേക്കു തിരിഞ്ഞാലും പച്ചപ്പു മാത്രം.ആകാശത്തു വരച്ചിട്ടതുപോലെ ദൂരെ ഗിരിനിരകൾ തലയുയർത്തി നിൽക്കുന്നതു കാണാം. അടുത്ത നിമിഷം ആ കാഴ്ചകളെയെല്ലാം മറച്ചുകൊണ്ട് കോടമഞ്ഞ് പറന്നിറങ്ങും.ഒപ്പം കാട്ടുമൃഗങ്ങൾ,പേരറിയാത്ത ഒരുപാട് പക്ഷികൾ ചിത്രശലഭങ്ങൾ.. എന്നുവേണ്ട കാഴ്ചകൾക്കു യാതൊരു പഞ്ഞവുമില്ലാതെ ഗവി അങ്ങനെ നീണ്ടു നിവർന്നു നിങ്ങളുടെ മുന്നിൽ കിടക്കും.
പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും ഉദ്യാനവും തടാകവും(മിനി ഡാം) ബോട്ടിംഗുമെല്ലാം സഞ്ചാരികളുടെ മനം കവരും എന്നതു തീർച്ചയാണ്. കാഴ്ച്ചകൾ തീരുന്നില്ല. എങ്കിലും ഗവിയിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത് അവിടുത്തെ കാലാവസ്ഥയും നിശബ്ദതയുമൊക്കെ തന്നെയാണ്.പിന്നെ വന്യമൃഗങ്ങളെ അടുത്തു കാണുക എന്നുള്ളതും.പച്ചവിരിച്ച വനാന്തരത്തിനു നടുവിലെ ആ തടാകവും അവിടുത്തെ നിശബ്ദതയും വല്ലാത്തൊരു ഫീലിംഗാണ് നമുക്ക് സമ്മാനിക്കുന്നത്. സത്യത്തിൽ ഗവിയേക്കാളും ഗവിയിലേക്കുള്ള യാത്രയാണ് കൂടുതൽ ആകർഷകം. മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ഗവി യാത്രയെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്!
കാടിന്റെ നടുവിൽ കൂടി വന്യമൃഗങ്ങളെ ഒക്കെ അടുത്തറിഞ്ഞ്,അര ഡസൻ ഡാമുകളും ജലവൈദ്യുത നിലയങ്ങളും താണ്ടി, കുണുങ്ങി കുണുങ്ങിയുള്ള ആ യാത്ര വല്ലാത്ത ഒരനുഭൂതിയാവും നമുക്ക് പ്രദാനം ചെയ്യുക.’ഓർഡിനറി’ എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് അതു മനസ്സിലാകും. പത്തനംതിട്ടയ്ക്ക് അപ്പുറം വളരാതിരുന്ന ഗവിയെ ഇത്രയും പ്രശസ്തമാക്കിയതിന്റെ ഫുൾ ക്രെഡിറ്റും ആ സിനിമയ്ക്കു സ്വന്തമാണ്.ഇപ്പോഴും ‘ഓർഡിനറി’കൾ ഗവി ലക്ഷ്യമാക്കി യാത്രക്കാരെയും കൊണ്ട് ആ കാട്ടിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്. ഒന്നല്ല, മൂന്നു ബസുകൾ!! പത്തനംതിട്ട-ഗവി-കുമളിയും, കുമളി-
ഗവി-പത്തനംതിട്ടയും.
ഗവിയിൽ ഇപ്പോൾ ബോട്ടിംഗ് നിലവിലുണ്ട്. പക്ഷെ പാക്കേജ് ടൂറിൽ വരുന്നവർക്കു മാത്രമേ ബോട്ടിംഗ് നടത്താൻ അനുവാദമുള്ളൂ എന്ന ചെറിയൊരു പ്രശ്നം മാത്രം.ഒരു ഡാമും ചെറിയൊരു പാർക്കും ബോട്ടിംഗ് സവാരിയുമാണ് ഗവിയിലെ മറ്റു പ്രധാന ആകർഷണങ്ങൾ.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഏഴു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്.വന്യമൃഗങ്ങളെ കാണാനും ട്രക്കിംഗിനു പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനു നടുവിൽ ടെൻറ്റിൽ താമസിക്കാനും ഇവിടെ സൗകര്യമുണ്ട്. ഗവി എന്നു കേട്ട് വച്ചുപിടിക്കുന്നവരോടാണ് പറയാനുള്ളത്. ഗവി വരെയുള്ള യാത്ര അതും ആങ്ങമൂഴി വഴിയുള്ളത് അനുഭവിച്ചറിയുന്നിടത്താണ് ഗവി ട്രിപ്പ് സുന്ദരമാവുന്നതും പൂർണ്ണമാവുന്നതും. ഗവിയിൽ ഒരു ദിവസം തങ്ങാനാണ് നിങ്ങളുടെ പ്ലാനെങ്കിൽ വനംവകുപ്പിന്റെ ‘പാക്കേജ്’ എടുത്തു മാത്രം വരിക.പക്ഷെ രണ്ടും രണ്ടു രീതിയിയിലുള്ള യാത്രയാവും നിങ്ങൾക്കു സമ്മാനിക്കുക എന്നുമാത്രം.950 രൂപയുടെ മുതൽ 1750 രൂപ(നിരക്കുകൾ മാറിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം) വരെയുള്ള വിവിധ പാക്കേജുകൾ നിലവിലുണ്ടെങ്കിലും മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമാണ്. ഗവിയിൽനിന്നും മുപ്പതു കിലോമീറ്ററാണ് വണ്ടിപ്പെരിയാറിലേക്കുള്ളത്. മൊട്ടക്കുന്നുകളും കൊക്കകളും മഞ്ഞുമൂടപ്പെട്ട മലനിരകളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെ കണ്ട്,കാട്ടുപോത്തിന്റെയും കുരങ്ങന്റെയും കാട്ടുപന്നിയുടേയും മലയണ്ണാന്റെയുമൊക്കെ എണ്ണമെടുത്ത് വള്ളക്കടവ് ചെക്കു പോസ്റ്റും താണ്ടി വണ്ടിപ്പെരിയാറിൽ എത്തി കൊല്ലം-തേനി നാക്ഷണൽ ഹൈവേ (പഴയ കെ.കെ.റോഡ്)യിൽ പ്രവേശിക്കാം.തൊട്ടടുത്ത് തേക്കടി നിങ്ങളെ കാത്തുകിടപ്പുണ്ട് കേട്ടോ.അല്ല,കാഴ്ചയുടെ വറ്റാത്ത കൗതുകങ്ങൾ ഒളിപ്പിച്ച് ഇടുക്കി അങ്ങനെ മൊത്തമായി തന്നെ…