പിറവം:അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ.മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇരുവർക്കുമെതിരെ ആലുവ റൂറൽ എസ്‌പി വിവേക് കുമാർ നടപടിയെടുത്തത്. വെള്ളത്തിലിറങ് ങിയ സ്ത്രീകളെ സംരക്ഷിക്കാനെന്ന വ്യാജേന പൊലീസുകാർ കടന്നുപിടിക്കു കയായിരുന്നു.സ്ത്രീകൾ തള്ളിമാറ്റിയെങ്കിലും ഇവർ വീണ്ടും കടന്നു പിടിച്ചതോടെ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാർ ഇരുവരെയും തടഞ്ഞുവച്ചു മർദ്ദിച്ച ശേഷം രാമമംഗലം പോലീസിന് കൈമാറുകയായിരുന്നു.
വൈറ്റിലയിൽ നിന്നെത്തിയ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകളാണ് പരാതി നൽകിയത്.അവധി ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം അരീക്കൽ വെള്ളച്ചാട്ടം കാണാൻ സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ എത്തിയിരുന്നു. ഇവിടെ മഫ്‌തിയിൽ എത്തിയതായിരുന്നു ബൈജുവും പരീതും.
അതേസമയം സംഭവം പൊലീസിൽ അറിയിച്ചെങ്കിലും ഒത്തുതീർപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.സ്‌ത്രീകൾ പരാതിയിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസെടുത്തത്.പരാതിക്കാരായ യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.