ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന നേതൃത്വത്തിന്റെ യോഗം നാലു മണിക്കൂര്‍ നീണ്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പിസിസി പ്രസിഡന്റ് അനില്‍ ചൗധരി എന്നിവരുള്‍പ്പെടെ 40 ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
അല്‍ക്ക ലാംബയുടെ പ്രസ്താവനയോട് ആംആദ്മി ദേശീയ വക്താവ് പ്രിയങ്ക കാക്കര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് തങ്ങളുമായി സഖ്യം വേണ്ടെന്നാണ് തീരുമാനിച്ചതെങ്കില്‍ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് രാജ്യത്തിന്റെ മുഴുവന്‍ താല്‍പര്യം പരിഗണിച്ചാവണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ആരു മത്സരിക്കണമെന്ന കാര്യം സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍ക്കയുടെ പ്രതികരണം ഇന്ത്യ സഖ്യത്തിലെ ഭിന്നതകള്‍ തുറന്നു കാണിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേന്ദ്രത്തിന്റെ ഡല്‍ഹി സര്‍വീസ് ബില്ലിനെതിരെ എഎപിയെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. പിന്നാലെ ബെംഗളൂരുവില്‍ നടന്ന മുന്നണി യോഗത്തില്‍ എഎപിയും പങ്കെടുത്തിരുന്നു. നിലവില്‍ ഡല്‍ഹി ഭരിക്കുന്നത് എഎപി ആണെങ്കിലും 2019ലെ തെരഞ്ഞെടുപ്പില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്.