KeralaNEWS

അരയൻകാവ് ഗ്രാമം കരയുന്നു, മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച അലീസിയോയുടെ സംസ്കാരം ഇന്ന്, ജോൺസന്റെയും, ജിസ്‌മോളുടെയും നാളെ 

      വൈക്കം: മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച, വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ സാബുവിന്റെ മകൻ അലീസിയോ(16)യുടെ സംസ്കാരം ഇന്നു വൈകിട്ട് 3നു കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും. ഇറ്റലിയിലുള്ള സാബുവും മൂത്ത മകൻ അബിനും ഇന്നലെ വരിക്കാംകുന്ന് വീട്ടിൽ എത്തി. മൃതദേഹം ഇന്നു രാവിലെ 9 ന് വീട്ടിലെത്തിക്കും.

അരയൻകാവ് മുണ്ടയ്ക്കൽ ജോൺസൺ (56), സഹോദരൻ ജോബിയുടെ മകൾ ജിസ്‌മോൾ(15) എന്നിവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ മുണ്ടയ്ക്കൽ വീട്ടിൽ എത്തിച്ച് വൈകിട്ട് 3ന് തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കും.

Signature-ad

ഞായറാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ്  വെള്ളൂർ ചെറുകര പാലത്തിനു താഴെയുള്ള കടവിൽ കുളിക്കുന്നതിനിടെ  ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചത്. അരയൻകാവ് മുണ്ടയ്ക്കൽ ജോൺസൺ, സഹോദരൻ ജോബിയുടെ മകൾ ജിസ്‌മോൾ, ജോൺ‌സന്റെ സഹോദരി വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ സുനിയുടെ മകൻ അലീസിയോ എന്നിവരാണു മരിച്ചത്.

ജോൺസൺ, സഹോദരൻ ജോബി, ജോബിയുടെ ഭാര്യ സൗമ്യ, ഇവരുടെ മക്കളായ ജിസ്‌മോൾ, ജോയൽ, ജുവൽ, ജോൺസന്റെ സഹോദരി സുനി, ഇളയമകൻ അലീസിയോ, മറ്റൊരു സഹോദരി മിനി എന്നിവരാണ് കുളിക്കാനിറങ്ങിയത്. ജോൺസൺ അടക്കമുള്ളവർ കുളി കഴിഞ്ഞു കരയ്ക്കു കയറി വസ്ത്രം മാറുന്നതിനിടെയാണ് ജിസ്മോളും ജോയലും അലീസിയോയും വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ടത്. ഇതോടെ ഇവരെ രക്ഷിക്കുന്നതിനായി എല്ലാവരും പുഴയിലേയ്ക്ക് ഇറങ്ങി. സൗമ്യയാണ് ജോയലിനെ രക്ഷിച്ചത്. അലീസിയോയെയും സൗമ്യ കരയിലേക്ക് ഉന്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. രക്ഷിക്കാനിറങ്ങിയ ജോൺസണും ഒഴുക്കിൽപെടുകയായിരുന്നു.

കുടുംബത്തിന്റെ അലറിക്കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ മറ്റുള്ളവരെ വസ്ത്രങ്ങൾ എറിഞ്ഞു രക്ഷപ്പെടുത്തുകയായിരുന്നു. വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും സ്കൂബ ടീമുകളും ചേർന്ന് അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ 3 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

സെലീനയാണ് മരിച്ച ജോൺസന്റെ ഭാര്യ. യു.കെയിൽ കുടുംബവുമായി താമസിക്കുന്ന ജോബി ബന്ധുവിന്റെ മരണത്തെത്തുടർന്ന് ജൂലൈയിൽ നാട്ടിലെത്തിയതാണ്. തിങ്കളാഴ്ച കുടുംബം യു.കെയിലേക്കു മടങ്ങാനിരുന്നതാണ്.

Back to top button
error: