KeralaNEWS

ഗണപതിഭഗവാന് പ്രിയപ്പെട്ട പലഹാരമായ മോദകം ഉണ്ടാക്കാം

ണപതി ഭഗവാന്റെ ജന്മദിവസമായി വിശ്വാസികള്‍ ആചരിക്കുന്ന ദിവസമാണ് വിനായക ചതുര്‍ത്ഥി.ഈ ദിവസം ഗണപതിയെ പ്രീതിപ്പെടുത്താൻ ഭഗവാന്റെ ഇഷ്ട ഭക്ഷണങ്ങള്‍ ഭക്തര്‍ വീട്ടില്‍ തയ്യാറാക്കാറുണ്ട്.

 ഭക്ഷണപ്രിയനായ ഗണപതിഭഗവാന് പ്രിയപ്പെട്ട പലഹാരമാണ് മോദകം. ആനന്ദത്തിന്റെ ചെറിയ ഭാഗമെന്നാണ് മോദകം എന്ന സംസ്‌കൃത പദത്തിനര്‍ത്ഥം.മോദകം എന്നാല്‍, മോദിപ്പിക്കുന്നത്, സന്തോഷിപ്പിക്കുന്നത് എന്നെല്ലാം അര്‍ത്ഥമുണ്ട്.ഗണപതി ഭഗവാന്റെ നിവേദ്യമായ മോദകം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍

Signature-ad

പച്ചരി – ഒരു കപ്പ്

വെള്ളം – ഒരു കപ്പ്

പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍

നെയ്യ് – ഒരു ടീസ്പൂണ്‍

തേങ്ങ ചിരകിയത് – 2 കപ്പ്

ശര്‍ക്കര ചീകിയത് – അര കപ്പ്

ഏലക്കാപ്പൊടി – ഒരു ടീസ്പൂണ്‍.

അണ്ടിപ്പരിപ്പ് – കാല്‍ കപ്പ്

നെയ്യ് – ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്‌ക്കുക. വെള്ളം ഊറ്റി കളഞ്ഞ ശേഷം അരക്കപ്പ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ നല്ല മയത്തില്‍ അരച്ചെടുക്കുക. വീണ്ടും അരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മാറ്റി വെച്ചതിന് ശേഷം, ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ അരച്ച മാവ്, ഒരു ടീസ്പൂണ്‍ നെയ്യ്, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഇവ യോജിപ്പിക്കുക.

ഇടത്തരം തീയില്‍ യോജിപ്പിച്ച്‌ വെച്ച മാവ് തുടരെ ഇളക്കി കുറുക്കിയെടുക്കുക. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം നന്നായി കുറുകി വശങ്ങളില്‍ നിന്നും വിട്ടു വരുമ്ബോള്‍ തീ ഓഫ് ചെയ്യുക.

തയാറാക്കിയ മാവ് അടച്ചുവച്ച്‌ 10 മിനിറ്റ് ചൂടാറാൻ വേണ്ടി മാറ്റി വയ്‌ക്കുക. ചൂടാറിയതിനു ശേഷം നന്നായി കുഴച്ചെടുക്കുക. ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചു മാറ്റിവയ്‌ക്കുക.ചുവട് കട്ടിയുള്ള മറ്റൊരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ് വറക്കുക. ഇളം ബ്രൗണ്‍ നിറമാകുമ്ബോള്‍ ഇതിലേക്ക് തേങ്ങ ചിരകിയത്, ശര്‍ക്കര, ഏലക്കാപ്പൊടി ഇവ ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക.

തയാറാക്കിയ മാവില്‍ നിന്നും നാരങ്ങ വലുപ്പത്തിലുള്ള ഒരു ഉരുള എടുത്ത് കൈയില്‍ വച്ച്‌ പരത്തുക. ഇതിന് ഉള്ളിലേക്ക് ഒരു സ്പൂണ്‍ തേങ്ങാക്കൂട്ട് വച്ച്‌ മുകള്‍ഭാഗം അല്‍പം കൂര്‍ത്ത് ഇരിക്കുന്ന രീതിയില്‍ ഉരുട്ടിയെടുക്കുക. മോദകത്തിന്റെ ഷേപ്പ് കിട്ടാനായി ഈര്‍ക്കില്‍ കൊണ്ടോ സ്പൂണിന്റെ പിടി കൊണ്ടോ ഇടയ്‌ക്കിടെ ഒന്ന് അമര്‍ത്തി കൊടുക്കുക.

ഒരു ഇഡ്ഡലി പാത്രത്തില്‍ വാഴയില വച്ചശേഷം അതിനു മുകളില്‍ തയാറാക്കിയ മോദകം നിരത്തി 15 മിനിറ്റ് ആവിയില്‍ വേവിക്കുക. ചൂടു മോദകത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച്‌ വേണം കഴിക്കാൻ.

Back to top button
error: