കോഴിക്കോട് ചേവായൂര്‍ സബ് രജിസ്ട്രാറായിരിക്കെ 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ ബീനയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. വിജിലന്‍സിന്റെ പിടിയിലായത് മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു ബീന. ശിക്ഷിക്കപ്പെട്ട ശേഷവും സസ്‌പെന്‍ഷന്‍ തുടര്‍ന്നു.
ഇവര്‍ കുറ്റക്കാരിയാണെന്ന് 2020 ജൂണ്‍ 26 ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ബീന ശിക്ഷിക്കപ്പെട്ടിരുന്നു. ഏഴ് വര്‍ഷവും കഠിന തടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ബീനക്കെതിരെ ശിക്ഷ വിധിച്ചത്.
പിന്നാലെ കേസില്‍ കേരള ഹൈക്കോടതിയില്‍ ബീന അപ്പീല്‍ സമര്‍പിച്ചിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീന ജാമ്യത്തിലിറങ്ങിയശേഷം വകുപ്പുതലത്തില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി. തുടര്‍ന്ന് അപ്പീല്‍ സമര്‍പിച്ചതിനാല്‍ പിരിച്ചുവിടരുതെന്നാണ് ബീന വകുപ്പിനോട് ആവശ്യപ്പെട്ട്.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഇക്കാര്യം മേല്‍ക്കോടതിയില്‍ തെളിയിക്കാനാവുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചട്ടപ്രകാരം ബീനയെ സര്‍വീസില്‍ നിന്ന് നീക്കാന്‍ വകുപ്പ് തലത്തില്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ബീന കുറ്റക്കാരിയല്ലെന്ന് മേല്‍ക്കോടതി വിധിച്ചാല്‍ അവരെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം വ്യക്തമാക്കുന്നു.