മൂന്നാർ: 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തം നടന്നിട്ട് മൂന്ന് വർഷം പിന്നിടുന്നു. ദുരന്ത ഭൂമിയിൽ പ്രാർത്ഥനയും കണ്ണീരുമായി അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ എത്തുന്നു. കൊച്ചുമക്കളുടെ വേർപാടിൽ മനംനൊന്ത കറുപ്പായി വാർഷികത്തിന് മാത്രമല്ല എല്ലാ മാസവും ദുരന്തമുഖത്ത് കണ്ണീരുമായി എത്തുന്നുണ്ട്. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30തോടെയാണ് പെട്ടിമുടിയിൽ കേരളത്തെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. മല മുകളിൽ നിന്ന് പൊട്ടി ഒലിച്ചെത്തിയ ഉരുൾ പെട്ടിമുടിയെ ആകെ മൂടി. മണ്ണിനും കല്ലിനും അടിയിൽപ്പെട്ട് 70 ജീവനുകളാണ് അന്ന് ഞെരിഞ്ഞമർന്നത്.
വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ രാത്രിയിൽ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണൻ ദേവൻ കമ്പനിയിലെ ഒരു ജീവനക്കാരൻ പുലർച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയാൾ കിലോമീറ്ററുകളോളം നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരം അറിയിച്ചു. കമ്പനി അധികൃതർ അഗ്നിരക്ഷ സേനയേയും പൊലീസിനെയും ബന്ധപ്പെട്ടു. പെരിയവര പാലം കനത്ത മഴയിൽ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. വൈകാതെ രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി. പിന്നെ കണ്ടത് കേരളത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു.
ദുരന്തനിവാരണ സേനയും സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും കൈകോർത്തു. ശക്തമായ മഴയെ വകവയ്ക്കാതെ 19 ദിവസം നീണ്ട തെരച്ചിൽ. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റർ ദൂരത്തു നിന്നു വരെ രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തു. ഗർഭിണികൾ, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങൾ, ഇരുന്ന ഇരുപ്പിൽ മണ്ണിൽ പുതഞ്ഞു പോയ മനുഷ്യൻ എന്നിങ്ങനെ 66 പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. എഴുപത് പേർ മരിച്ചെങ്കിലും അതിൽ 66 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കിട്ടിയത്. നാലു പേർ ഇപ്പോഴും കാണാമറയത്താണ്. അവർ മരിച്ചതായി പിന്നീട് പ്രഖ്യാപിച്ച് അവരുടെ മരണ സർട്ടിഫിക്കറ്റ് സർക്കാർ നൽകി.
ദുരന്തത്തിൽ പരിക്കേറ്റവരുടെയും രക്ഷപ്പെട്ടവരെയുടെയും ദുരിതബാധിതരുടെയും ചികിത്സകളും പുനരധിവാസവുമായിരുന്നു സർക്കാരിൻറെയും കണ്ണൻദേവൻ കമ്പനിയുടെയും മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച 18 തൊഴിലാളികളുടെ കുടുംബത്തിന് കണ്ണൻദേവൻ കമ്പനി 5 ലക്ഷവും പ്രഖ്യാപിച്ചു. ദുരന്തത്തിൽ എല്ലാം നഷ്ടമായ എട്ട് കുടുംബംങ്ങൾക്ക് കുറ്റിയാർവാലിയിൽ സർക്കാർ നൽകിയ സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ കണ്ണൻദേവൻ കമ്പനി വീടുവച്ചു നൽകി.
അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം ബന്ധുക്കളുടെ തർക്കം മൂലം കസ്തൂരി, പ്രിയദർശിനി എന്നിവർക്ക് മാത്രം ഇതുവരെ വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. ദുരന്തത്തിൽ മരിച്ചവരെ അവിടെ തന്നെ പോസ്റ്റ്മോർട്ടം നടത്തി തൊട്ടടുത്ത സ്ഥലത്ത് സംസ്കരിച്ചു. മൂന്ന് വർഷങ്ങൾക്കിപ്പുറവും പെട്ടിമുടിയെ ഓർക്കുമ്പോൾ ദുരന്തത്തിൽ രക്ഷപ്പെട്ടവരുടെ കണ്ണിൽ പ്രിയപ്പെട്ടതെല്ലാം നഷ്ടമായതിൻറെ നിസഹായതയാണ് കാണാനാവുക. മാസത്തിൽ ഒരുതവണ അരിയും മറ്റും വാങ്ങുന്നതിനായി എത്തുന്ന പ്രിയദർശിനിയുടെ അമ്മൂമ്മ കറുപ്പായി മകൾ കളിച്ചുനടന്ന ഭാഗത്ത് എത്തി അവൾക്ക് ഇഷ്ടപ്പെട്ട കുർക്കുറെയും മധുര പലഹാരങ്ങളും വെച്ച് മടങ്ങുകയാണ് പതിവ്.