KeralaNEWS

വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ല, എൻഎസ്എസിന്‍റെ തുടർപ്രതിഷേധം അവരുടെ തീരുമാനമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസിൻറെ തുടർപ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തിൽ എസ്എൻഡിപി യോഗം തീരുമാനമെടുത്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ‘മിത്ത്’ വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കർ എഎൻ ഷംസീറിൻറെ പരാമർശത്തിനെതിരെ എൻഎസ്എസ് വ്യാപക വിമർശനം ഉന്നയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് നിലപ്പാട് മയപ്പെടുത്തിയിരുന്നു. എന്നാൽ സ്പീക്കർ എഎൻ ഷംസീർ കൂടി നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എൻ എസ് എസ്. സ്പീക്കർക്കെതിരെ തുടർ പ്രക്ഷോഭം നടത്താൻ എൻഎസ്എസ് തീരുമാനിച്ചിട്ടുണ്ട്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേർന്നാണ് എൻഎസ്എസ് തുടർ സമരങ്ങൾക്ക് രൂപം കൊടുക്കുക.

Signature-ad

ഇതിനിടെ എൻഎസ്എസിന് അവരുടെ പാരമ്പര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെ സമരം നടത്തിയ, പ്രാർത്ഥനാ സ്വാതന്ത്ര്യത്തിനായി സമരം നടത്തിയവരുടെ ജാഥയിൽ അണി നിരന്ന, ജാതി വിവേചനത്തിനെതിരെ രംഗത്ത് വന്ന പാരമ്പര്യമാണ് എൻഎസ്എസിന്റെ ആദ്യ പഥികരുടേത്. ആ പാരമ്പര്യത്തിൽ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുവർക്കൊപ്പം നിൽക്കരുതെന്നും അവർക്കൊപ്പം ചേരുന്നത് എൻഎസ്എസിന്റെ സ്ഥാപക നേതാക്കളുടെ നിലപാടിന് എതിരാണെന്നും എം വി ജയരാജൻ വിമർശിച്ചു.

കേരളത്തിൽ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്പീക്കർ എ എം ഷംസീർ ഒരു മത വിശ്വാസത്തിനും എതിരായി പറഞ്ഞിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പാർട്ടി സെക്രട്ടറി ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Back to top button
error: