IndiaNEWS

ബെംഗളൂരു – മൈസൂരു സൂപ്പര്‍ റോഡിൽ പ്രവേശിക്കുന്ന ഇരുചക്ര വാഹന യാത്രികർക്കും മുച്ചക്ര വാഹന ഡ്രൈവർമാർക്കും 500 രൂപ പിഴ! ബൈക്ക്-ഓട്ടോ നിരോധനത്തിനെതിരെ അമര്‍ഷം പുകയുന്നു

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ പ്രവേശിക്കുന്ന ഇരുചക്ര വാഹന യാത്രികർക്കും മുച്ചക്ര വാഹന ഡ്രൈവർമാർക്കും 500 രൂപ പിഴ ചുമത്തുന്ന തീരുമാനത്തിനെതിരെ അമർഷം പുകയുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് നിരോധനം നിലവിൽ വന്നത്. ഈ അതിവേഗ ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണം വർധിച്ചതാണ് അധികൃതരെ ഈ നടപടിയിലേക്ക് നയിച്ചത്. ബൈക്ക് യാത്രക്കാരുടെയും ഓട്ടോറിക്ഷകളുടെയും ട്രാക്ടറുകളുടെയും സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് അധികൃതർ പറയുന്നത്.

ഈ വാഹനങ്ങൾ ഇനിമുതൽ സർവീസ് റോഡുകൾ വഴി മാത്രമാണ് പോകേണ്ടത്. നിരോധന വിജ്ഞാപനം നിലവിൽ വന്നതോടെ ഹൈവേയിലൂടെ വന്ന ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളും സർവീസ് റോഡുകൾ വഴി തിരിച്ചുവിട്ടു. ബൈക്കർമാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും മാർഗനിർദ്ദേശങ്ങൾ പാലിച്ച് സർവീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും അല്ലാത്തപക്ഷം അവർക്ക് 500 രൂപ പിഴ ചുമത്തുമെന്നും രാമനഗര ഡിഎസ്‍പി കാർത്തിക് റെഡ്ഡി പറഞ്ഞു. എക്‌സ്‌പ്രസ് വേയിൽ പ്രവേശിക്കാൻ ശ്രമിച്ച ബൈക്ക് യാത്രികരെ പോലീസ് നിയന്ത്രിക്കാൻ തുടങ്ങി. നിരോധനം സംബന്ധിച്ച അറിയിപ്പ് ബോർഡുകളും ഹൈവേയിൽ സ്ഥാപിച്ചിട്ടുണ്ട്.

Signature-ad

അതേസമയം, എക്‌സ്‌പ്രസ് വേയിലൂടെ സഞ്ചരിക്കേണ്ട ബൈക്ക് യാത്രികർ നിരോധനത്തിനെതിരെ പ്രതിഷേധത്തിലാണ്. അധികൃതരുടെ തീരുമാനം കനത്ത ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. നിരോധനത്തെക്കുറിച്ച് തങ്ങളെ അറിയിക്കുകയോ ബന്ധപ്പെടുകയോ ചെയ്‍തിട്ടില്ലെന്ന് ബൈക്കേഴ്‌സ് ക്ലബ് ചൂണ്ടിക്കാട്ടി. എക്‌സ്‌പ്രസ് വേ ഒരു ഇൻഫ്രാസ്ട്രക്ചർ വിസ്‍മയമാണെന്നും അത് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയണമെന്നും ബെംഗളൂരു ബൈക്കേഴ്‌സ് ക്ലബ് സ്ഥാപകൻ എൻഐ ജോൺ പറഞ്ഞു. ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും സർവീസ് റോഡിലേക്ക് തിരിച്ചുവിടുന്നതിനെതിരെ പൊതുജനങ്ങളും രോഷം പ്രകടിപ്പിച്ചു. ഇരുചക്രവാഹനങ്ങൾ ഇല്ലാതിരുന്നാൽ അപകടങ്ങൾ കുറയുമോ എന്നും അമിതവേഗതയിൽ കാറുകളുള്ള എക്സ്പ്രസ് വേ എത്ര സുരക്ഷിതമാണെന്നും ബൈക്ക് യാത്രികർ ചോദിക്കുന്നു.

രാജ്യത്തിൻറെ വളരുന്ന റോഡ് ശൃംഖലയിലെ സുപ്രധാന നേട്ടമായി ഏറ്റവും പുതിയ അതിവേഗ ഹൈവേകളിലൊന്നാണ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേ. കർണാടകയുടെ നിലവിലെ തലസ്ഥാനമായ ബംഗളൂരുവിനെയും പഴയ തലസ്ഥാനമായ മൈസൂരുവിനെയും ബന്ധിപ്പിച്ച് മികച്ച യാത്രാനുഭവം നൽകുന്ന 118 കിലോമീറ്ററുള്ള ഈ പത്തുവരിപ്പാത 2023 മാർച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത്. എന്നാൽ അടുത്തകാലത്ത് തുടർച്ചയായ അപകടവാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഈ സൂപ്പർ റോഡ്. ഉദ്ഘാടനം ചെയ്‍ത് അഞ്ച് മാസത്തിനുള്ളിൽ 500-ൽ അധികം അപകടങ്ങളാണ് ഇവിടെ നടന്നത്. ഈ അപകടങ്ങളിൽ 100 ​​ഓളം ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെ ഈ എക്‌സ്പ്രസ് വേയുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) തീരുമാനിച്ചിരുന്നു.

Back to top button
error: