ചങ്ങനാശേരി:ഹിന്ദുവിരുദ്ധ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പുപറയണം എന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ വിരോധം കാരണമാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്നും സുകുമാരൻ നായര്‍
പറഞ്ഞു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. വിഷയത്തില്‍ മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമായി സമരം സംഘടിപ്പിക്കുമെന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ഇന്ന് വിശ്വാസ സംരക്ഷണമായി ആചരിക്കുന്നത് ഒരു സൂചനമാത്രമാണെന്നും മാപ്പുപറയാൻ ഷംസീര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീര്‍ മാപ്പ് പറയണം. ശാസ്ത്രമാണ് പറഞ്ഞതെങ്കില്‍ അത് ഗണപതിക്ക് മാത്രം പോരാ, മറ്റു മതങ്ങളുടെ കാര്യത്തിലും വേണം. എൻഎസ്എസ് ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തില്‍ നല്ല സമീപനം എടുത്തു. വിഷയത്തില്‍ ആര്‍എസ്എസ്, ബിജെപി തുടങ്ങിയ സംഘടനകള്‍ക്കൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സുകുമാരൻ നായര്‍ ചങ്ങനാശേരിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.