കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങളില്‍നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിച്ചു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ ധര്‍മ്മടം മണ്ഡലം എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കല്‍. മൊത്തം 550 പരാതികളാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് നിവേദനങ്ങള്‍ നല്‍കി.
രാവിലെ 9:30ന് ആരംഭിച്ച പരാതി സ്വീകരിക്കല്‍ ഉച്ചയ്ക്ക് 12:30വരെ നീണ്ടു. ടോക്കണ്‍ ഏര്‍പ്പെടുത്തിയായിരുന്നു നടപടിക്രമങ്ങള്‍. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കര്‍ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചത്. പരാതികള്‍ പരിശോധിച്ച് സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ അനുമോദിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പെരളശ്ശേരി എകെജി സ്മാരക ജിഎച്ച്എസ്, പിണറായി എകെജി മെമ്മോറിയല്‍ ജിഎച്ച്എസ് എന്നിവിടങ്ങളിലെ ഒന്‍പത് കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് അനുമോദിച്ചത്. പാര്‍ക്കര്‍ പേനകളാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കിയത്.
ദേശീയ റോള്‍പ്ലെ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എകെജി മെമ്മോറിയല്‍ ജിഎച്ച്എസ് എസിലെ എന്‍എസ് ദീപ്ത, ഗസന്‍ ഫാബിയോ, കെ നന്മ, എസ് ശ്രീദ, അമൃത് കിരണ്‍ എന്നിവരെയും പിണറായി എകെജി മെമ്മോറിയല്‍ ജിഎച്ച്എസ്എസില്‍നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 1200 മാര്‍ക്ക് നേടിയ വേദ പ്രവീണ്‍, ഇതേ സ്‌കൂളില്‍നിന്ന് ദേശീയ ചെസ്സ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഇ ടി സ്വരൂപ, ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുത്ത പി അനഘ, സംസ്ഥാന പവര്‍ ലിഫ്റ്റിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ടികെ അനുവിന്ദ് എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഏവരെയും അഭിനന്ദിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. കൂടുതല്‍ മികവിലേക്കെത്താന്‍ സര്‍ക്കാരിന്റെ പിന്തുണയും അദ്ദേഹം കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തു. രണ്ടുദിവസം മുന്‍പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് ഇവിടെ എത്തിയതെന്നും അംഗീകാരം ലഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായെന്നും പിണറായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ഉഷ നന്ദിനി പറഞ്ഞു.