Fiction

കണ്ണീരിനെ പുഞ്ചിരിയാക്കി മാറ്റൂ, ജീവിതം എന്നും പ്രസാദാത്മകമായി തീരും

വെളിച്ചം

   ഒരിക്കല്‍ ഭൂമിയിലൂടെ യാത്രചെയ്യവേ നാരദന്‍, വശ്രുതന്‍ എന്ന മുനി ഉഗ്രതപസ്സ് ചെയ്യുന്നത് കണ്ടു.  അദ്ദേഹത്തിന്റെ തപസ്സിന്റെ ലക്ഷ്യം മുക്തി ലഭിക്കുക എന്നതാണ്. ആ ഭൗതിക ദേഹം വള്ളിപ്പടര്‍പ്പുകളാല്‍ വലയം ചെയ്തിരിക്കുന്നു.  ചുറ്റും ചിതല്‍പ്പുറ്റ് വളര്‍ന്നിട്ടിമുണ്ട്.
നാരദന്റെ സാന്നിധ്യം മഹര്‍ഷി അന്തര്‍ നേത്രംകൊണ്ട് തിരിച്ചറിഞ്ഞു.  അദ്ദേഹം ചോദിച്ചു:
“നാരദ മഹര്‍ഷേ, എനിക്ക് എന്നാണ് മുക്തി ലഭിക്കുക എന്ന് ഭഗവാനോട് ചോദിക്കാമോ?”
നാരദന്‍ സമ്മതിച്ചു. യാത്ര തുടരുന്നതിനിടയില്‍ ശ്രുതകീര്‍ത്തി എന്നയാളെയും നാരദന്‍ കണ്ടുമുട്ടി.  അദ്ദേഹം സ്വന്തം ദിനകൃത്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് ഈശ്വരസ്തുതികള്‍ ആലപിക്കുന്നുണ്ട്.
നാരദനെ കണ്ടപ്പോള്‍ ശ്രുതകീര്‍ത്തി ചോദിച്ചു:
“ഈശ്വരനോട് അങ്ങ് ചോദിക്കാമോ എനിക്കെപ്പോള്‍ മോക്ഷം കിട്ടുമെന്ന്?”

  ചോദിക്കാമെന്ന് സമ്മതിച്ച് നാരദന്‍ നടന്നുമറഞ്ഞു.

കാലം കഴിഞ്ഞു.  നാരദന്‍ വശ്രുതന് അടുത്തെത്തി. നിങ്ങള്‍ക്ക് നാലു ജന്മം കൂടി തപസ്സ് ചെയ്താല്‍ മോക്ഷം ലഭിക്കുമെന്ന് ഭഗവാന്‍ പറഞ്ഞതായി നാരദന്‍ പറഞ്ഞു.

‘കഷ്ടം, നാലു ജനന്മമോ…’
വശ്രുതന് ദുഖവും കോപവും വന്നു.

നാരദന്‍ ശ്രുതകീര്‍ത്തിയുടെ അടുത്തെത്തി. എന്നിട്ട് ഒരു പുളിമരം ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു:

“ആ പുളിമരത്തില്‍ എത്ര ഇലകളുണ്ടോ അത്രയും ജന്മം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മോക്ഷം ലഭിക്കും.”

ഇത് കേട്ട് ശ്രുതകീര്‍ത്തി പറഞ്ഞു:

“സാരമില്ല വളരെ സന്തോഷം.  ഇത്രയും കുറഞ്ഞ കാലം കൊണ്ട് എനിക്ക് മുക്തി ലഭിക്കുമല്ലോ…”
തുടർന്ന് അദ്ദേഹം കൃതജ്ഞതയുടെ കീര്‍ത്തനങ്ങള്‍ സന്തോഷത്തോടെ ചൊല്ലുവാന്‍ തുടങ്ങി.  പെട്ടെന്ന് ഒരു അശരീരി ഉണ്ടായി.
“ശ്രുതകീര്‍ത്തി, നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മോക്ഷം ലഭിക്കും”

നമ്മുടെ അനുഷ്ടാനങ്ങളേക്കാള്‍ മൂല്യം നമ്മുടെ മനസ്സിനാണ്. അത്തരം മനസ്സിന് ജീവിതത്തെ പ്രസാദാത്മകമായി കാണാനാകും.  വിഷാദമപൂര്‍ണ്ണമായ അനുഭവങ്ങളിലും ജീവിതത്തെ പ്രസാദപൂര്‍ണ്ണമായി കാണുന്നവര്‍ക്ക് ഈ ലോകത്തില്‍ തന്നെ സ്വര്‍ഗ്ഗാനുഭൂതി നേടാനാകും. മനസ്സ് പ്രസാദാത്മകമായി മാറ്റാന്‍ സാധിക്കട്ടെ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: