KeralaNEWS

ചെറുപുഴക്കാരുടെ ഉറക്കം കെടുത്തി മുഖം മൂടി ധരിച്ച അജ്ഞാതൻ! രാത്രിയിലെത്തി വീടിന്റെ വാതിലില്‍ മുട്ടും, ചുവരിൽ കൈയടയാളം പതിക്കും; പോലീസും നാട്ടുകാരും ഒന്നിച്ച് തിരച്ചിലിനിറങ്ങിയിട്ടും “നൈറ്റ്മാൻ” ഇരുട്ടി​ന്റെമറവിൽ

കണ്ണൂർ: ചെറുപുഴക്കാരുടെ ഉറക്കം കെടുത്തി മുഖം മൂടി ധരിച്ച അജ്ഞാതൻ. രാത്രിയിലെത്തി വീടിന്റെ വാതിലിൽ മുട്ടും. വീടിൻറെ ചുവരിൽ കൈയടയാളം പതിക്കും. പോലീസും നാട്ടുകാരും ഒന്നിച്ച് തിരച്ചിലിനിറങ്ങിയിട്ടും ഇതുവരെ അജ്ഞാതനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.

ചെറുപുഴ ആലക്കോട് തേർത്തല്ലിയിലായിരുന്നു ആദ്യം അജ്ഞാതനെ കണ്ടത്. സന്ധ്യ മയങ്ങിയാൽ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത് കരിയോയിലൊഴിച്ചാണ് മുഖം മൂടിധാരിയെത്തുന്നത്. കണ്ടവർ പലരുമുണ്ട്. പക്ഷെ ആർക്കും ഇയാൾ പിടി കൊടുത്തില്ല. വീടുകളുടെ കതകിൽ മുട്ടി ഭീതി വിതച്ച് രാത്രി മുഴുവൻ കറങ്ങി നടക്കും. പൈപ്പ് തുറന്നിടും. അങ്ങനെ വിക്രിയകൾ പലതായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അജ്ഞാതൻറെ ശല്യം ആലക്കോട് പോലീസ് സ്റ്റേഷന് പരിധിയിൽ അവസാനിച്ചു. പിന്നാലെ അജ്ഞാതൻ എത്തിയത് ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. പ്രൊപ്പൊയിൽ, കക്കോട്, കന്നിക്കടവ് ഭാഗത്താണ് അജ്ഞാതനെത്തി ഭീതി വിതക്കുന്നത്. വീടുകളുടെ കതകിൽ മുട്ടിയ ശേഷം ആളുകൾ ഉണരുമ്പോൾ സ്ഥലത്ത് നിന്നും രക്ഷപ്പെടും. വീടുകളുടെ ഭിത്തിയിൽ കൈയടയാളം പതിപ്പിച്ചാണ് അടുത്ത വീട്ടിലേക്ക് യാത്രയാകുന്നത്.

പ്രാപ്പൊയിൽ ഭാഗത്തെ കാലിത്തൊഴുത്തിൽ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാരെ കണ്ട് സ്ഥലം വിട്ടു. ഇവിടെ നിന്നും ഒരു ചെരിപ്പും കണ്ടെത്തി. ഒരേ സമയം പലയിടത്തും അജ്ഞാതനെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. ഇതിനു പിന്നിൽ ഒരു സംഘം തന്നെയുണ്ടോയെന്നതാണ് സംശയം. നാട്ടുകാർ സംഘടിച്ച് രാത്രിയിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അജ്ഞാതനായി തെരച്ചിൽ നടത്തുന്നുണ്ട്.. ചെറുപുഴ പോലീസ് ഈ മേഖലയിൽ പട്രോളിംഗ് ശക്തമാക്കി. നാട്ടുകാരെ ഭയപ്പെടുത്താനായി ഇറങ്ങിയ ആരെങ്കിലുമാകും ഈ അജ്ഞാതനെന്ന നിഗമനത്തിലാണ് പോലീസ്.

Back to top button
error: