തിരുവനന്തപുരം:കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. നാളെയും മറ്റന്നാളും ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയാണ് ലഭിച്ചത്.ശക്തമായ കാറ്റിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.വൈദ്യുതബന്ധവും പലയിടത്തും താറുമാറായിട്ടുണ്ട്.