LocalNEWS

ആ ​ഗാനവും അറിയിപ്പുകളും നിലച്ചു… ആകാശവാണി അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചതിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ആകാശവാണി അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചതിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്എമ്മിനുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാർഭാരതി പ്രാദേശിക എഫ്എമ്മുകൾ നിർത്തലാക്കിയത്. അപ്രതീക്ഷിതമായി അനന്തപുരിയുടെ ഹൃദയതാളം നിലച്ചതിൽ നിരാശരാണ് പ്രേക്ഷകർ.

101.9 മെഗാഹെർട്സിൽ ഇനി പ്രക്ഷേപണം ഉണ്ടാവില്ല. ചലച്ചിത്ര ഗാനങ്ങളും വിനോദ വിജ്ഞാന പരിപാടികളും ഒപ്പം ജലവിതരണം മുടങ്ങുന്നത് മുതൽ ട്രെയിൻ സമയക്രമങ്ങൾ വരെ അറിയിപ്പുകളായി അനന്തപുരി എഫ്എമ്മിൽ എത്തിയിരുന്നു. അങ്ങനെ ശ്രോതാക്കളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു അനന്തപുരി എഫ് എം. നിലവിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പ്രസാർ ഭാരതി എഫ് എം പ്രക്ഷേപണം നിർത്തിയത്. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പോലും അറിയാതെയായിരുന്നു അതീവ രഹസ്യ നീക്കം. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Signature-ad

വിവിദ് ഭാരതി വാണിജ്യ പ്രക്ഷേപണം തുടങ്ങിയതിന്റെ ഭാഗമായാണ് അനന്തപുരിയുടെ തുടക്കം. 2005 നവംബർ ഒന്നിന് തുടങ്ങിയ അനന്തപുരി എഫ് എം ആണ് കേരളത്തിലെ ആദ്യ എഫ് എം. അനന്തപുരി ഇല്ലാതാവുന്നതോടെ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പതിവ് പ്രക്ഷേപണം മാത്രമെ ഇനി ഉണ്ടാവു. അതേസമയം കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം പരസ്യ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. അനന്തപുരി എഫ് എം പ്രക്ഷേപണം തുടരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Back to top button
error: