കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പൊതു ദർശനത്തിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി അഞ്ചു മന്ത്രിമാരും ചേർന്ന് പുഷ്പ ചക്രം സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ എ.കെ ആന്റണി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
പള്ളിയിലെ ചടങ്ങുകൾക്ക് മുമ്പ് പുതുപ്പള്ളി കവലയ്ക്കു സമീപം നിർമിച്ചു കൊണ്ടിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുതിയ വസതിയിൽ എത്തി മന്ത്രിമാരായ വി.എൻ. വാസവനും പി. പ്രസാദും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും അന്ത്യോപചാരങ്ങൾ അർപ്പിച്ചിരുന്നു. തിരുനക്കരയിലെ പൊതു ദർശനത്തിനു ശേഷം ഭൗതിക ദേഹം പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ കുടുംബ വീട്ടിലെത്തിച്ചപ്പോൾ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.