ഏത് അറിവിനേക്കാളും വലുതാണ് നിസ്വാര്‍ത്ഥത, പക്ഷേ അത് സ്വയം ആര്‍ജ്ജിക്കേണ്ട ഒന്നാണ്
വെളിച്ചം
ഒരിക്കല്‍ രാജാവിന്റെ മാളികയില്‍ ഒരു മോഷണം നടന്നു. രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മുഴുവനും മോഷ്ടിക്കപ്പെട്ടു. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയപ്പോള്‍ കള്ളന്മാര്‍ പിടിയിലായി. അവര്‍ രണ്ടുപേരും ആ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു എന്നത് രാജാവിനെ ചൊടിപ്പിച്ചു.
അദ്ദേഹം ഗുരുവിനെ നേരിട്ടു കണ്ട് ദേഷ്യപ്പെട്ടു.
‘ശിഷ്യന്മാരെ കള്ളന്മാരാക്കാനാണോ പഠിപ്പിക്കുന്നത്’ എന്നായിരുന്നു ചോദ്യം. ഗുരുവിന് സങ്കടവും അപമാനവും തോന്നി.
ഇനി മുതല്‍ നല്ല പോലെ പരീക്ഷിച്ചതിന് ശേഷമേ ശിക്ഷ്യന്മാരായി കുട്ടികളെ സ്വീകരിക്കൂ എന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെയിരിക്കെ രാജാവിന്റെയും മന്ത്രിയുടേയും കുട്ടികളുടെ പഠനത്തിനുള്ള സമയമായി. രാജകൊട്ടാരം ഈ ഗുരുവിനെ തന്നെ തിരഞ്ഞെടുത്തു. ചില പരീക്ഷണങ്ങള്‍ക്ക് ശേഷം ഗുരു അവരെ മടക്കിയയച്ചു. കോപാകുലരായ രാജകുടുംബക്കാര്‍ ഗുരുവിനെ ചെന്നുകണ്ടു. ഗുരു പറഞ്ഞു:
“ഞാന്‍ നടത്തിയ പരീക്ഷയില്‍ ഇവര്‍ തോറ്റു. ഒരാള്‍ മാത്രമാണ് ആ പരീക്ഷ ജയിച്ചത്.”
എന്താണ് നടത്തിയ പരീക്ഷയെന്ന് മന്ത്രി ചോദിച്ചു. ഗുരു പറഞ്ഞു:
“ഇവിടെ ചേരാന്‍ ധാരാളം കുട്ടികള്‍ വന്നു. അവരുടെ ആദ്യ പരീക്ഷയെന്നോണം അവര്‍ വരുന്നവഴിക്ക് വലിയ വിറകുകെട്ടുമായി ഒരു വൃദ്ധയെ നിര്‍ത്തിയിരുന്നു. അവരില്‍ ചിലര്‍ മാത്രമാണ് ആ വൃദ്ധയെ സഹായിച്ചത്. അവരെ ഞാന്‍ രണ്ടാമത്ത പരീക്ഷണത്തിന് വിധേയരാക്കി. അവര്‍ ആശ്രമത്തിലേക്ക് കടന്നുവന്നപ്പോള്‍ എന്റെ അമ്മ അവര്‍ക്ക് പഴം കൊടുത്തു. ആ പഴം അങ്ങനെ വായിലിട്ടവരെ ഞാന്‍ ഒഴിവാക്കി.”
അതെന്തിനാണെന്ന് മന്ത്രി ചോദിച്ചു.
ഗുരു പറഞ്ഞു:
“പഴം കൈകൊണ്ട് മുറിച്ച് കഴിക്കുകയാണെങ്കില്‍ മറ്റൊരാള്‍ക്ക് ആവശ്യപ്പെട്ടാല്‍ കൊടുക്കാമായിരുന്നു, അതില്‍ വിജയിച്ചവരോട് നാളേക്കുള്ള പൂജയ്ക്കായി പൂവ് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. എല്ലാവരും പലവിധത്തിലുളള പൂക്കള്‍ കൊണ്ടുവന്നു. അതില്‍ വിരിയാറായ പൂമൊട്ടുകൊണ്ടുവന്നവരെ ഞാന്‍ തിരിഞ്ഞെടുത്തു.”
“നാളേക്കുള്ള പൂവിന് ഇന്ന് പൂമൊട്ടല്ലേ വേണ്ടത്…”
മന്ത്രിക്ക് ആകാംക്ഷയായി. അടുത്ത പരീക്ഷണമെന്തായിരുന്നു എന്ന് ഗുരു വിശദീകരിച്ചു:
“ഇതില്‍ വിജയിച്ചത് നാലുപേര്‍ മാത്രമായിരുന്നു. അവരോട് തിണ്ണയിലിക്കുന്ന കത്തിയെടുത്ത് അമ്മയ്ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു.” “ആ കുട്ടികള്‍ അതനുസരിച്ചല്ലോ, പിന്നെന്താണ് കുഴപ്പം?”
ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു:
” അതില്‍ ഒരാള്‍ മാത്രമാണ് കത്തിയുടെ മൂര്‍ച്ചയുള്ള വായ്തലയില്‍ പിടിച്ചുകൊണ്ട് പിടിയുള്ള ഭാഗം അമ്മയ്ക്ക് നല്‍കിയത്. മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതെ, കരുതല്‍ കാണിച്ച മനസ്സ് ഒരാള്‍ക്ക് മാത്രമാണ് ഉണ്ടായത്. അതിനാലാണ് ഞാന്‍ ആ ഒരാളെ മാത്രം ശിഷ്യനാക്കാന്‍ തീരുമാനിച്ചത്.”
മറുത്തൊന്നും പറയാനാകാതെ രാജാവും പരിവാരങ്ങളും ഗുരുകുലത്തില്‍ നിന്നും ഇറങ്ങി.
നിസ്വാര്‍ത്ഥത ഏത് അറിവിനേക്കാളും വലുതാണ്. അറിവ് പകര്‍ന്നു കൊടുക്കാം… പക്ഷേ, നിസ്വാര്‍ത്ഥത സ്വയം ആര്‍ജ്ജിക്കേണ്ട ഒന്നാണ്.. നിസ്വാര്‍ത്ഥമാകട്ടെ നമ്മുടെ മനസ്സ്.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രീകരണം: നിപു കുമാർ