ബദിയടുക്കയിലെ തോമസ് ക്രാസ്റ്റ(63)യുടെ മരണം തലക്കേറ്റ മാരക മുറിവ് മൂലമെന്ന് പോലീസ്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട തോമസ് ക്രാസ്റ്റയുടെ മൃതദേഹം വീട്ടില്‍ നിന്നും അല്‍പ്പം മാറി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തെടുത്തു. ചാക്കില്‍ കെട്ടി സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു മൃതദേഹം. തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.
നാല് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സെപ്റ്റിക്ക് ടാങ്കിന്റെ സ്ലാബ് ഇളകിയ നിലയിലും അകത്ത് ചാക്ക് കെട്ടിലാക്കി മൃതദേഹവും കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. തുടർന്ന്പൊലീസില്‍ വിവരമറിയിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
ചിലരെ ചോദ്യം ചെയ്യുന്നുമുണ്ട്. ആരെങ്കിലും പണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി കൊലപാതകം നടത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ് പ്രാഥമികമായി എത്തിച്ചേര്‍ന്നിട്ടുള്ളത്.
സംഘം വീട്ടില്‍ എത്തി കൊലനടത്തിയ ശേഷം മൃതദേഹം കൊണ്ടുപോയി തള്ളിയതോ അതല്ലെങ്കില്‍ തോമസ് ക്രാസ്റ്റയെ വിളിച്ചു വരുത്തിയ സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
സമ്പന്നനായ തോമസ് ക്രാസ്റ്റ വീട്ടില്‍ തനിച്ചായിരുന്നു താമസം. പൈവളിഗെ കയ്യാര്‍ സ്വദേശിനിയായ ഭാര്യ 25 വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പ്പെടുത്തി. രണ്ട് പെണ്‍ മക്കളുണ്ട്. ഇരുവരും അമ്മയുടെ കൂടെയായിരുന്നു. പിന്നീട് തനിച്ചായിരുന്നു താമസം. ചിലപ്പോഴൊക്കെ ഏതാനും സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു. ബോര്‍വെല്‍ ഏജന്റായും ആവശ്യക്കാര്‍ക്ക് വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തി നല്‍കുകയും അടക്കമുള്ള ജോലികള്‍ ചെയ്തിരുന്നു. രണ്ട് വീടുകളും രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും സ്വന്തമായുണ്ട്. തോമസ് 12 പവനോളം സ്വര്‍ണ്ണാഭരണങ്ങൾ സാധാരണയായി ധരിക്കാറുണ്ടായിരുന്നു. കയ്യില്‍ മോതിരവും ധരിക്കാറുണ്ട്.
തോമസിന് കീഴില്‍ നിരവധി തൊഴിലാളികളുണ്ട്. ഇതിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് പ്രത്യേകം ഷെഡ് പണിത് നല്‍കിയിരുന്നു. ഈ ഷെഡിന് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാലവര്‍ഷം തുടങ്ങിയതോടെ ജോലി കുറവാണെന്ന് പറഞ്ഞ് നാല് ദിവസം മുമ്പാണത്രെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. തോമാസിന്റെ വീട് പൂട്ടിയ നിലയിലുമാണ്. അതിനാല്‍ ഷെഡിനരികിലേക്ക് വിളിച്ചുവരുത്തി കൊല നടത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേ സമയം സമ്പന്നനായ തോമസ് പണം കൈവശം വെക്കുന്നതല്ലാതെ ബാങ്ക് ഇടപാട് നടത്താറില്ലായിരുന്നുവെന്നാണ് വിവരം. പണം കവര്‍ച്ച ചെയ്തതിന് ശേഷം തോമസിനെ കൊലപ്പെടുത്തിയതാകാമെന്ന സംശയവും ബലപ്പെടുന്നു