KeralaNEWS

പത്തനംതിട്ടയിൽ അവധിയില്ല,പരക്കെ വിമർശനം

പത്തനംതിട്ട:കാലവർഷം കനത്തിട്ടും പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനമുയരുന്നു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതകള്‍ ഏറെയുള്ള ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ഭൂരിഭാഗം രക്ഷിതാക്കള്‍ക്കുമുള്ളത്. നിരവധി പേരാണ് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധമറിയിച്ചത്.
കാലവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട ഉത്തരവാദിത്തം ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാൻ കൂടിയായ ജില്ലാ കളക്ടറാണ്. ഇതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കുണ്ട്. ജില്ലയിലാണെങ്കിൽ തിങ്കളാഴ്ച മുതല്‍ അതിശക്തമായ മഴ തുടരുകയാണ്.
മഴയുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി. ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. രാവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് പ്രയാസത്തിലാകും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കില്‍ നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാൻ മഴക്കെടുതി വിലയിരുത്താൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിളിച്ച യോഗത്തിലും തീരുമാനമായിരുന്നു.ഇവിടെ മുന്നൊരുക്കങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയത്.മറ്റു രണ്ടു ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചപ്പോഴും പത്തനംതിട്ടയുടെ കാര്യത്തിൽ കലക്ടർ മൗനം പാലിക്കുകയായിരുന്നു.

Back to top button
error: