KeralaNEWS

ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന രീതിയിൽ പാങ്കോട് എല്‍.പി സ്കൂൾ

എറണാകുളം:ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന രീതിയിൽ കോലഞ്ചേരി പാങ്കോട് എല്‍.പി സ്കൂൾ കെട്ടിടം.സ്കൂള്‍ മതിലിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി മണ്ണെടുത്തു മാറ്റിയതോടെയാണ് കുരുന്നുകളുടെ ജീവന് ഭീഷണിയായത്.

മുപ്പത് അടി ഉയരത്തില്‍ മണ്ണ് മാറിയതോടെ മതില്‍ ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ്.100 ലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.

മതിലും സ്കൂള്‍ ഭിത്തിയും തമ്മില്‍ രണ്ടടി ദൂരമാണുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മതിലിന് സമീപം വീണ്ടും മണ്ണിടിയുകയാണ്. ഇതോടെ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടം അപകടാവസ്ഥയിലായി. സ്കൂളിലെ അവധി ദിവസങ്ങള്‍ മറയാക്കി കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണെടുത്തത്.

Signature-ad

 

സ്കൂള്‍ പി.ടി.എയും വികസന സമിതിയും പഞ്ചായത്ത്, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസറും സ്ഥലത്ത് സന്ദര്‍ശനം നടത്തി. ആര്‍.ഡി.ഒയ്ക്ക് അടിയന്തിര റിപ്പോര്‍ട്ട് കൈമാറുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. മണ്ണ് മാറ്റുന്നത് സംബന്ധിച്ച പെര്‍മിറ്റ് ഹാജരാക്കാൻ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഹാജരാക്കിയിട്ടില്ല.

 

ഉയര്‍ന്ന കുന്നിന്റെ മുകളിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ചരിവില്‍ കഴിഞ്ഞ കൊവിഡ് കാലഘട്ടത്തില്‍ മണ്ണെടുപ്പ് നടത്തിയിരുന്നു. അന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായതോടെയാണ് സ്കൂള്‍ അതിരിന് 2.5 മീറ്റര്‍ വീതിയില്‍ മണ്ണെടുപ്പ് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ പിന്നീട് ജെ.സി.ബി ഉപയോഗിച്ച്‌ ഞായറാഴ്ച രാത്രിയും പകലുമായി മണ്ണ് മാറ്റുകയായിരുന്നത്രെ. സമീപത്തുള്ള സ്ഥലം നികത്താനാണ് മണ്ണ് എടുത്തിരിക്കുന്നത്. പൈനാപ്പിള്‍ കൃഷിക്ക് പാട്ടത്തിന് നല്‍കാനായി മണ്ണെടുത്ത് മാറ്റിയതെന്നാണ് വിവരം.

Back to top button
error: