CrimeNEWS

മഹാരാജാസിലെയും എംഎസ്എം കോളേജിലെയും വ്യാജരേഖാ കേസ് എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ

കൊല്ലം: നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ കൊല്ലത്ത് ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) ആണ് അറസ്റ്റിലായത്. 2021 – 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ പരിശോധനയിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു.

ഇതോടെയാണ് സമിഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

Signature-ad

മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസും കായംകുളം എംഎസ്എം കോളേജിലെ വ്യാജരേഖാ കേസും എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സമിഖാന്റെ അറസ്റ്റും ഉണ്ടായത്. വ്യാജരേഖ ഉണ്ടാക്കിയ സമിഖാൻ പ്രവേശനം ലഭിക്കാതെ കോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യത്തിൽ കുടുക്കിലായത്. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയാണ് വ്യാജരേഖയെന്ന കണ്ടെത്തലിലേക്ക് നയിച്ചതെന്നത് കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കനത്ത തിരിച്ചടിയായി. സംഭവത്തെ രാഷ്ട്രീയമായി വിമർശിച്ച് കൊണ്ട് കെഎസ്‌യു രംഗത്ത് വന്നിട്ടുണ്ട്.

Back to top button
error: