തിരുവനന്തപുരം-മംഗളൂരു പാതയില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി റെയില്‍വേ മുന്നോട്ട്.
ആദ്യഘട്ടത്തില്‍ വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററാക്കി ഉയര്‍ത്താനാണ് പദ്ധതി. പിന്നീട് വേഗത 160 കിലോ മീറ്ററായും ഉയര്‍ത്തും. ദേശീയതലത്തില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റെയില്‍വേയുടെ കേരളത്തിലേയും അറ്റകൂറ്റപ്പണി.
പുതിയ ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ളതില്‍ നിന്നുകൊണ്ട് ട്രാക്കുകള്‍ ശക്തിപ്പെടുത്താനാണ് റെയില്‍വേ നീക്കം. ഷൊര്‍ണൂര്‍-എറണാകുളം പാതയിലെ കുത്തനെയുള്ള ഗ്രേഡിയന്റ്കളുടെ പ്രശ്നം പരിഹരിക്കലും ഇക്കൂട്ടത്തിൽ പെടും.
ആദ്യഘട്ടത്തില്‍ ട്രെയിനിന്റെ വേഗതക്കുറവിന് കാരണമാവുന്ന ട്രാക്കിലെ പ്രധാന വളവുകള്‍ കണ്ടെത്തുകയും റെയില്‍വേ ഭൂമി ഉപയോഗിച്ച് തന്നെ അത് നികത്തുന്നതിനുളള വഴികളുമാണ് റെയില്‍വേ തേടുക.
ഇതിനൊപ്പം രണ്ട് ട്രാക്കുകളുള്ള എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ മൂന്നും നാലും ട്രാക്ക് കൂടി നിര്‍മിക്കുന്നതിനുളള ഡി.പി.ആറും ദക്ഷിണ റെയില്‍വേ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.