മണിപ്പൂർ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ബിജെപി. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സംസ്ഥാന സന്ദർശനത്തെ ഞാൻ അഭിനന്ദിക്കുന്നു. വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ നിലവിലെ അവസ്ഥയെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മണിപ്പൂർ സംസ്ഥാന അധ്യക്ഷ ശാരദാ ദേവി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലും ആകണം ശ്രദ്ധയെന്നും അവർ ന്യൂസ് ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
വ്യാഴാഴ്ച രാഹുൽ ഗാന്ധി ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും പിറ്റേദിവസം, ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലും സന്ദർശനം നടത്തിയിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളോടും പൌര പ്രമുഖരോടും സ്ത്രീകളോടും അദ്ദേഹം സംസാരിച്ചിരുന്നു. തുടർന്ന് സംസ്ഥാന ഗവർണർ അനുസൂയ യുകെയുമായി രാഹുൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മണിപ്പൂരിലെ എന്റെ എല്ലാ സഹോദരങ്ങളെയും കേൾക്കാനാണ് ഞാൻ വന്നത്. എല്ലാവരും നല്ല സ്നേഹത്തോടെയുള്ള സ്വീകരണമാണ് നൽകിയത്. മണിപ്പൂരിന് വേണ്ടത് സമാധാനവും ശാന്തിയുമാണ്. അതിന് മാത്രമാണ് ഞങ്ങളുടെ മുൻഗണന. യാത്ര ചെയ്യുന്നതിൽ നിന്ന് സർക്കാർ എന്നെ തടയുന്നത് വളരെ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ആരംഭിച്ചതിന് പിന്നാലെ പ്രശ്നങ്ങളുണ്ടായിരുന്നു. കലാപ ബാധിത പ്രദേശത്തേക്ക് പോകാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കത്തെ പൊലീസ് തടഞ്ഞതാണ് തുടക്കത്തിൽ സംഘർഷത്തിൽ കലാശിച്ചത്. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. പ്രതിഷേധം നേരിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുൽ ചുരാചന്ദ്പൂരിലും ഇന്ന് മെയ്ത്തെയ് ക്യാമ്പുകളിലും എത്തിയത്.
അതിനിടെ, പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെ മുഖ്യമന്ത്രി ബീരേൻ സിങ് രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബീരേൻ സിങ് രാജിവെക്കരുതെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ളവരുടെ സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മനുഷ്യച്ചങ്ങല തീർക്കുകയും മുഖ്യമന്ത്രിക്ക് ഐക്യദാർഡ്യം അറിയിക്കുകയുമായിരുന്നു. വൈകിട്ട് ഗവണറെ കാണാനിറങ്ങിയ ബീരേൻ സിങി്നറെ വാഹനത്തെ സ്ത്രീകളടങ്ങുന്ന സംഘം തടഞ്ഞ് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പിന്തുണച്ച് എത്തിയവർ വാഹനം തടഞ്ഞതോടെ ബീരേൻ സിങ് വസതിയിലേക്ക് മടങ്ങി. അനുയായികൾക്ക് ഒപ്പമുണ്ടായിരുന്ന എംഎൽഎ രാജിക്കത്ത് കീറിയെറിയുകയും ചെയ്ത സംഭവവും നടന്നിരുന്നു.
#WATCH | Manipur | In the current situation, I appreciate Rahul Gandhi's visit to the state. However, the focus should be on solving the situation and bringing back peace. The issue should not be politicised: BJP State President, A Sharda Devi on Rahul Gandhi's visit to Manipur pic.twitter.com/OAsI4Joas1
— ANI (@ANI) July 1, 2023
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ പിന്തുണക്കാനുള്ള ജനങ്ങളുടെ നീക്കത്തെ ബിജെപി സംസ്ഥാന അധ്യക്ഷ പിന്തുണച്ചു. സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നതിനാലാണ് ജനങ്ങൾ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇത്തവണ നിയന്ത്രിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്നാണ് ജനങ്ങളുടെ വിശ്വാസം. കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. മുഖ്യമന്ത്രി ബീരേന്റെ സർക്കാരിൽ പൊതുജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.