IndiaNEWS

സംഘർഷ ഭരിതമായ മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവയ്ക്കണം; പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയണമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്

ദില്ലി : സംഘർഷ ഭരിതമായ മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവയ്ക്കണമെന്ന്  കോൺഗ്രസ്  പാര്‍ട്ടി വക്താവ് ജയറാം രമേശ്. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെൻററി നയരൂപീകരണ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജയറാം രമേശ്, മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം ആവർത്തിച്ചു.

പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയണം. പാർലമെന്റ് സമിതി മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണം. പാർലമെന്റിന്റെ ആഭ്യന്തര കമ്മിറ്റിയിൽ ഈ വിഷയത്തിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി, ഒഡീഷ ട്രെയിൻ ദുരന്തം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും ചർച്ച വേണം. അദാനി വിഷയത്തിലെ ജെപിസി അന്വേഷണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. യുക്രൈൻ യുദ്ധത്തിലും വിമത നീക്കത്തിലും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനുമായി സംസാരിച്ച മോദിക്ക് സ്വന്തം രാജ്യത്തെ കലാപത്തില്‍ ഇടപെടാൻ സമയമില്ലെന്ന വിമർശനവും കോണ്‍ഗ്രസ് ഉയർത്തി.

Signature-ad

അതേ സമയം, ഏക സിവിൽ കോഡിൽ കോൺഗ്രസ് ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്നുമാണ് ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം പാർട്ടി വക്താവ് അറിയിച്ചത്. നേരത്തെ ഹിമാചൽ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ് സിവിൽ കോഡിനെ അനുകൂലിച്ചിരുന്നു. എ എ പിയും ശിവസേനയും പിന്തുണച്ചതോടെ പ്രതിപക്ഷ നിരയിൽ ഭിന്നത തുടരുകയാണ്.

Back to top button
error: