CrimeNEWS

ആനക്കൊമ്പ് കഷ്ണങ്ങളുമായി ആലപ്പുഴ സ്വദേശി കോഴിക്കോട് പിടിയിൽ

കോഴിക്കോട്: ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിൽ വെച്ച് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്നും ചെറുകഷണങ്ങളായി മുറിച്ച നിലയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് യുവാവ് പിടിയിലായത്.

കോഴിക്കോട് കെ എസ് ആർടിസി ബസ്റ്റാന്റിൽ വെച്ചാണ് ശരതിനെ പിടികൂടിയത്. ചെറിയ കഷ്ണങ്ങളായി മുറിച്ച നിലയിലുള്ള ആനക്കൊമ്പ് ഇയാൾ കയ്യിൽ കവറിലാക്കി കയ്യിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത് കൊടുത്തു വിട്ടതായിരുന്നു ആനക്കൊമ്പെന്നാണ് ഇയാള്‍ വാദിക്കുന്നത്. ആനക്കൊമ്പിന്‍റെ അഞ്ച് കഷണങ്ങളാണ് ഉണ്ടായിരുന്നത്.

Signature-ad

എന്നാല്‍ സുഹൃത്തിന് ഇത് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിൽ ഇയാൾക്ക് വിവരമില്ല. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ഇയാളെ പിടികൂടിയത്. ശരത് ഇടനിലക്കാരനാണെന്നാണെന്നാണ് വിവരം. താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

മെയ് മാസത്തില്‍ വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അറസ്റ്റിലായിരുന്നു. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്.

മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘമാണ് അജീഷിന്റെ ബാഗില്‍ നിന്ന് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്. കൂട്ടത്തിലൊരാളുടെ സഹപാഠിയായ അജീഷിനെ വഴിയില്‍ നിന്നു കണ്ടപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നാണ് കോഴിക്കോട് സ്വദേശികള്‍ വിശദമാക്കിയത്. വനത്തില്‍ നിന്നു വീണു കിട്ടിയതാണ് ആനപ്പല്ലെന്ന് അജീഷും മൊഴി നല്‍കി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

Back to top button
error: