ഗ്രാമത്തിന്റെ പൊതുഭൂമിയില്‍ മുസ്ലീങ്ങള്‍ നമസ്‌കരിക്കുന്നത് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.വിവരമറിഞ്ഞ് നൂറുകണക്കിന് പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ബക്രീദുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭൂമിയില്‍ മുസ്ലീം വിഭാഗം പ്രാര്‍ത്ഥന നടത്തുന്നതിനിടെ ഹിന്ദു സമുദായത്തില്‍പ്പെട്ടവർ ഇത് തടഞ്ഞിരുന്നു.ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായതെന്ന് യമുനാനഗര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) പര്‍മോദ് കുമാര്‍ പറഞ്ഞു.ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബക്രീദിനോടനുബന്ധിച്ച് ഫ്ലാറ്റിൽ ജീവനോടെ ആടുകളെ എത്തിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും സംഘര്‍ഷമുണ്ടായി.മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ആടിനെ ബലിനല്‍കാന്‍ എത്തിച്ചതാണെന്ന് ആരോപിച്ച് ഹൗസിംഗ് സൊസൈറ്റിയിലെ മറ്റ് താമസക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീരാ റോഡിലെ ജെപി നോര്‍ത്തിലെ വിനയ് നഗര്‍ സൊസൈറ്റിയിലാണ് സംഭവം.
സംഭവത്തെത്തുടര്‍ന്ന് ഹൗസിംഗ് സൊസൈറ്റിയിലെ മറ്റുളളവര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ താമസക്കാരുമായി ചര്‍ച്ച നടത്തുകയും അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് മിരാ റോഡ് പൊലീസ് അറിയിച്ചു.
സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് പൊലീസ് വെളിപ്പെടുത്തി. ”ഇവിടെ കശാപ്പ് അനുവദനീയമല്ല. സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ പ്രകാരം അത് നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആടിനെ അവരുടെ വീട്ടില്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകളൊന്നുമില്ല. മറ്റുളളവര്‍ക്ക് എതിര്‍പ്പുളളതിനാല്‍ ആടുകളെ കൊണ്ടുപോകാന്‍ അവയെ എത്തിച്ചയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.