IndiaNEWS

ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിൽ; നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ. ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും നടപ്പാക്കിയാൽ എല്ലാ ജാതികളിലുള്ളവർക്കും ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുമതി ലഭിക്കുമെന്നും ഡിഎംകെ നേതാവ് പറഞ്ഞു. ഹിന്ദുമതത്തിലാണ് ഏകസിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത്. അങ്ങനെയെങ്കിൽ പിന്നോക്ക വിഭാ​ഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവാദമുണ്ടാകുമെന്നും ഇളങ്കോവൻ പറഞ്ഞു.

പൊതു തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഏക സിവിൽ കോഡ് മുഖ്യ വിഷയമാക്കി ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ​രം​ഗത്തെത്തിയത്. ഏകസിവിൽകോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെൺകുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു.

Signature-ad

ഏക സിവിൽ കോഡിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻറെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവിൽ കോ‍ഡിനെ ഉപയോഗിക്കുന്നത്. ഭയകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു.

പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസും രം​ഗത്തെത്തി. തൊഴിലില്ലായ്മയെക്കുറിച്ചും ദാരിദ്രത്തെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും മണിപ്പൂർ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി മണിപ്പൂർ സന്ദർശിക്കുമെന്നും കോൺ​ഗ്രസ് അറിയിച്ചു.

 

Back to top button
error: