മുംബൈ: മുംബൈ-ദില്ലി വിസ്താര വിമാനത്തിൽ നിന്ന് 23കാരനെ അറസ്റ്റ് ചെയ്തു. വിമാനം ഹൈജാക്ക് ചെയ്യുന്നത് സംബന്ധിച്ച് ഫോണിൽ സംസാരിക്കവെ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. തുടർന്ന് ഹരിയാന സ്വദേശിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. വിമാനത്തിൽ സമഗ്രമായ പരിശോധന നടത്തിയതിന് ശേഷം അധികൃതരുടെ അനുമതിയെ തുടർന്ന് യാത്രക്കാരുമായി ദില്ലിയിലേക്ക് പറന്നു.
രാത്രിഏഴ് മണിയോടെ വിമാനം ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു സംഭവം. കാബിൻ ക്രൂ അംഗവും മറ്റ് യാത്രക്കാരും യുവാവ് മൊബൈൽ ഫോണിലൂടെ സംസാരിക്കുന്നത് കേൾക്കുകയായിരുന്നു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി. വിമാനത്തിൽ കയറിയതിനാവൽ വിഷമിക്കേണ്ട- എന്നാണ് യുവാവ് പറഞ്ഞത്. “ഇയാളുടെ സംഭാഷണം കേട്ട യാത്രക്കാർ ഭയന്നു. പലരും സീറ്റിൽനിന്നെഴുന്നേറ്റു. തുടർന്ന് ക്യാബിൻ ക്രൂ അംഗം വിമാനത്തിലെ സുരക്ഷാ ജീവനക്കാരെ വിളിക്കുകയും യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറുകയും ചെയ്തുവെന്നും അധികൃതർ പറഞ്ഞു.
റിതേഷ് ജുനേജ എന്നാണ് അറസ്റ്റിലായ യുവാവിന്റെ പേര്. ഇയാളെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 2021 മുതൽ ചികിത്സയിലാണെന്നും തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും പൊലീസും വിമാനത്താവള അധികൃതരും പറഞ്ഞു.