കണ്ണൂർ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. കണ്ണൂർ തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായ അക്രമത്തിൽ നിന്ന് 5 വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു സംഭവം. വീടിനു പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ മൂന്ന് നായ്ക്കൾ ഓടിക്കുകയായിരുന്നു. പെൺകുട്ടി വീടിനു അകത്തേയ്ക്ക് ഓടി കയറിയതിനാൽ അപകടം ഒഴിവായി. പിന്തിരിഞ്ഞ് ഓടുന്ന കുട്ടിയുടെ പുറകെ നായ്ക്കൂട്ടം ഓടി വരുന്നത് ദൃശ്യങ്ങളിൽ കാണാം. മത്സ്യ വ്യാപാരിയായ ഉനൈസിന്റെ മകൾ ഹംദ ഉനൈസിനെ ആണ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്.
കാസർകോടും കൊല്ലത്തും തിരുവനന്തപുരത്തും തെരുവ് നായ ആക്രമണത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. കാസർകോട് ബേക്കലിൽ വൃദ്ധയെ തെരുവ് നായക്കൂട്ടം മേലാസകലം കടിച്ചു പറിച്ചു. കൊല്ലം പൊളയത്തോട് തെരുവ് നായ ആക്രമണത്തിൽ പത്ത് വയസുകാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വിളപ്പിലിൽ ആടിനെ നായ കടിച്ച് കീറി.
രണ്ട് ദിവസം മുമ്പാണ് ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയെ മൂന്ന് തെരുവുനായ്ക്കൾ ചേർന്ന് അതിക്രമിച്ചത്. വീട്ടുകാർ ഓടിയെത്തിയത് കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകട നില തരണം ചെയ്തു. കണ്ണൂർ മുഴപ്പിലങ്ങാടായിരുന്നു ഈ സംഭവം.
മുഴപ്പിലങ്ങാടാണ് പതിനൊന്നു വയസ്സുകാരനെ തെരുവു നായ്ക്കൾ ചേർന്ന് കടിച്ചുകീറി കൊന്നത്. ഭിന്നശേഷിക്കാരനായ നിഹാൽ നൗഷാദിനാണ് തെരുവുനായ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായിരുന്നു നിഹാൽ. അതുകൊണ്ട് തന്നെ നായ്ക്കൂട്ടം ആക്രമിച്ചപ്പോൾ ഉറക്കെ നിലവിളിക്കാൻ പോലും നിഹാലിന് കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ അരക്ക് താഴേയ്ക്ക് മാംസം അവശേഷിച്ചിരുന്നില്ല. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് നിഹാലിന്റെ മൃതദേഹം കണ്ടെത്തിയത്.
കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ തെരുവുനായ മധ്യവയസ്ക്കൻറെ കീഴ്ചുണ്ട് കടിച്ച് പറിച്ച സംഭവമുണ്ടായി. അതുപോലെ തന്നെ സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഓടി മാറിയത് കൊണ്ട് മാത്രമാണ് പത്താം ക്ലാസുകാരൻ രക്ഷപ്പെട്ടത്.
തെരുവുനായ വന്ധ്യംകരണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ തുടരുമ്പോൾ സംസ്ഥാനത്ത് നായ കടിയേൽക്കുന്നവരുടെ എണ്ണംകൂടുകയാണ്. കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തോളം പേർക്കാണ് കടിയേറ്റത്. ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴ് പേർ. അനിഷ്ട സംഭവമുണ്ടായാൽ മാത്രം ഉണർന്നു പ്രവർത്തിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും അത് കഴിയുമ്പോൾ എല്ലാം മറക്കുകയും ചെയ്യുന്ന പതിവാണ് തെരുവുനായ് ശല്യ പരിഹാരത്തിനറെ കാര്യത്തിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.