KeralaNEWS

കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം: ഉത്തരവാദി പഞ്ചായത്തെന്ന് സിപിഎം; രാഷ്ട്രീയ ​​ഗൂഢാലോചനയെന്ന് യുഡിഎഫ്

മലപ്പുറം: മലപ്പുറം ജില്ലയിലെ കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ രാഷ്ട്രീയ ആരോപണവും ഉയരുന്നു. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. സംഭവത്തിൽ പഞ്ചായത്താണ് ഉത്തരവാദിയെന്നാണ് സിപിഎമ്മിൻറെ ആരോപണം. മൂന്ന് വർഷമായി ലൈഫ് പദ്ധതിക്ക് വേണ്ടി ഇയാൾ പഞ്ചായത്തിൽ കയറിയിറങ്ങുന്നു. ലൈഫ് പദ്ധതിക്ക് അർഹനായ വ്യക്തിയാണ്. വീട് ലഭിക്കാത്തതിന്റെ നിരാശയിലാണ് ഇയാൾ ഇത്തരമൊരു കടുംകൈ ചെയ്തതെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാൽ ഭരണപക്ഷം പറയുന്നത് രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്നാണ്. ഈ വർഷം അമ്പത് പേർക്കാണ് വീട് കൊടുക്കാൻ കഴിയുന്നതെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു. മുജീബ് ലിസ്റ്റിൽ 104 ആയിരുന്നു. അടുത്ത വർഷം വീട് കൊടുക്കും എന്ന് പറഞ്ഞിരുന്നു. തീ ഇട്ടതു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും യുഡിഎഫ് പറഞ്ഞു. സംഭവത്തിന് ശേഷം മുജീബ് കൈ മുറിച്ചിരുന്നു. ഇയാളെ പൊലീസ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ മൊഴിക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

Signature-ad

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. നിരവധി തവണ അപേക്ഷിച്ചിട്ടും തന്റെ പേര് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിന്റെ നിരാശയിലാണ് ഓഫീസിന് തീയിട്ടതെന്ന് മുജീബ് പൊലീസിനോട് വെളിപ്പെടുത്തി. പെട്രൊളുമായി എത്തിയാണ് തീയിട്ടത്. കംപ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. ഒപ്പം ഫയലുകൾക്കും നാശനഷ്ടമുണ്ട്.

Back to top button
error: