മൂന്നാർ: പഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിൽനിന്ന് ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ്. സിപിഐയിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണി ദാസും പ്രവീൺകുമാറും ഐഎൻടിയുസിയിൽ ചേക്കേറിയതാണ് സിപിഐക്ക് തിരിച്ചടിയായത്. മൂന്നാർ പാർട്ടി ഓഫീസിലെത്തിയ ഇരുവരെയും മുൻ എംഎൽഎ എ കെ മണിയുടെ നേത്യത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സിപിഐയുടെ തെറ്റായ നിലപാട് കാരണമാണ് കോൺഗ്രസിലേക്ക് മാറിയതെന്ന് ഇരുവരും പ്രതികരിച്ചു.
ആദ്യകാലം മുതൽ താൻ കോൺഗ്രസ് അനുഭാവി ആയിരുന്നെന്നും ഇടക്കാണ് സിപിഐയിലേക്ക് പോയതെന്നും ഇപ്പോൾ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവീൺ പറഞ്ഞു. 25 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചിട്ടും അർഹിച്ച അംഗീകാര ലഭിച്ചില്ലെന്ന് ആനന്ദറാണിയും പ്രതികരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ സിപിഐ 5, സിപിഎമ്മിന് 3, കോൺഗ്രസിന് 5 എന്നിങ്ങിനെയാണ് കക്ഷിനില. സിപിഐയിൽ നിന്ന് രണ്ട് അംഗങ്ങൾ കോൺഗ്രസിലേക്ക് പോയത് എൽഡിഎഫിന് ഭരണം നഷ്ടപ്പെടും.
മൂന്നാർ പഞ്ചായത്തിലും കോൺഗ്രസ് അധികാരം പിടിച്ചെടുക്കാൻ രണ്ട് അംഗങ്ങളെ ഒപ്പം ചേർത്തിരുന്നു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണിയേയും പ്രവീണിനെയും സിപിഐ ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം തരംതാഴ്ത്തൽ നടപടിക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് പ്രവീൺ കഴിഞ്ഞ ദിവസം സിപിഐക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇരുവരും കോൺഗ്രസിലേക്ക് പോയത്.