LIFEMovie

ആഞ്ജനേയാ…! ‘ആദിപുരുഷ്’ കാണാൻ വരുമെന്ന് വിശ്വാസം; ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം റെഡി- ഫോട്ടോ വൈറൽ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരം​ഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. രാമായണത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം എന്നതും മറ്റൊരു പ്രധാനഘടകമാണ്. സിനിമയുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധിനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അപ്ഡേഷനാണ് ഏറെ ശ്രദ്ധനേടുന്നത്.

ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

Signature-ad

ഇത്തരത്തിൽ എല്ലാ തിയറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വി​ഗ്രഹമോ റിസർവ് ചെയ്ത സീറ്റിൽ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ സിനിമ കാണാൻ എത്തുന്നവർക്ക് പൂക്കൾ അർപ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്നാണ് വിവരം.

ഹനുമാൻ ചിത്രം കാണാൻ തിയറ്ററുകളിൽ വരും എന്ന വിശ്വാസത്തിൻറെ പേരിലാണ് ഇത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാൻ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും. അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തീയറ്ററിലും ഹനുമാൻ എത്തും എന്ന വിശ്വാസത്തിലാണ് ഇത്തരത്തിൽ തിയറ്ററിൽ ഒരു സീറ്റ് ഒഴിച്ചിടുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

പ്രഭാസ് രാമനായി എത്തുന്ന ആദിപുരുഷ് നാളെ തിയറ്ററുകളിൽ എത്തും. നിരവധി തവണ റിലീസ് മാറ്റിവച്ചതിന് ശേഷമാണ് നാളെ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചി സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. ഓം റാവത്ത് ആണ് സംവിധാനം. കൃതി സനോൺ നായികയായി എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു.

ടി- സീരീസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുർ, എഡിറ്റിംഗ് – അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം – അജയ്- അതുൽ. പശ്ചാത്തല സംഗീതം – സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Back to top button
error: