പത്തനംതിട്ട:മഴക്കാലമെത്തിയതോടെ പച്ചക്കറിക്കും ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മീനിനും വില കൂടി.കോഴിവില കഴിഞ്ഞ ഒരു മാസമായി വർധനവിന്റെ പാതയിലാണ്.
ഒരാഴ്ച മുൻപ് 140 രൂപയായിരുന്ന മത്തിയുടെ വില ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ 250 കടന്നു.160 രൂപയായിരുന്ന അയലയ്ക്ക് 260 രൂപയും കിളിമീനിന് 280 രൂപയുമായി. ചൂരയ്ക്കുപോലും വില 200 കടന്നു.
ഒരു കിലോ കോഴിയിറച്ചിക്ക് 160 രൂപയ്ക്ക് മുകളിലാണ് വില.ഓരോദിവസവും രണ്ടുംമൂന്നും രൂപ വീതമാണ് കോഴി ഇറച്ചിയുടെ വില കൂടുന്നത്.പോത്തിറച്ചിക്ക് പലയിടത്തും പല വിലയാണ്. 360 രൂപ മുതല്‍ 400 രൂപ വരെയാണ് പത്തനംതിട്ട ജില്ലയില്‍ പലയിടത്തെയും വില.
പച്ചക്കറി വില താഴാതെ നില്‍ക്കുന്നതും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴി ഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയില്‍ നിന്നും ക്യാരറ്റ് 70 രൂപയില്‍ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയില്‍ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം.കൊച്ചുള്ളിയ്ക്കും വില ഇരട്ടിയായി. 80 രൂപയാണ് നിലവില്‍ കിലോയ്ക്ക് ഉള്ളി വില. വെളുത്തുള്ളിയ്ക്ക് 45 രൂപ കൂടി കിലോ 130 ആയി. വെണ്ടയ്ക്ക ഇരട്ടിയിലേറെ വില കൂടി, 45 രൂപ. ക്വാളി ഫ്ലവറിറ് ഇരട്ടി വിലയാണ്, 60 രൂപ. ഇഞ്ചി വില ഡബിള്‍ സെഞ്ച്വറിയിലേക്ക്. കിലോ 180. സവാള വില 20 ല്‍ തുടരുന്നതാണ് ഏക ആശ്വാസം