ദില്ലി: കൊവിൻ ആപ്പ് വിവര ചോർച്ചയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇപ്പോൾ പുറത്ത് വന്നത് മുൻ കാലങ്ങളിൽ ചോർന്ന വിവരങ്ങളാണെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കൊവിൻ ആപ്പിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വിവരങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ ചോർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവര ചോർച്ച അതീവ ഗുരുതരമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.
രാജ്യത്തെ പൗരന്മാർ വാക്സീനേഷൻ സമയത്ത് നൽകിയ പേര്, ആധാർ, പാസ്പോർട്ട്, പാൻകാർഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വർഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങൾ ചോർന്നത്. വ്യക്തികളുടെ ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ ഒറ്റയടിക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന നിലയിലാണ് രേഖകൾ ചോർന്നത്. രാജ്യത്തെവിടെയിരുന്നും വിവരങ്ങൾ ചോർത്താവുന്ന സ്ഥിതിയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങൾ ഈ രീതിയിൽ ലഭ്യമായതിൻറെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊവിൻ പോർട്ടലിൽ ഫോൺ നമ്പറും ഒടിപിയും നൽകിയാൽ മാത്രം ലഭ്യമാകുന്ന വിവരങ്ങൾ എങ്ങനെ ടെലഗ്രാമിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ദേശസുരക്ഷയെ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള വിവര ചോർച്ചയെ കുറിച്ച് കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. കൊവിൻ ആപ്പിൻറെ മേൽനോട്ടം ആരോഗ്യമന്ത്രാലയത്തിനും, ഐടി മന്ത്രാലയത്തിനുമാണ്. വിവര സുരക്ഷയിൽ നേരത്തെയും കൊവിൻ ആപ്പിനെതിരെ പരാതികളുയർന്നിരുന്നു. അന്നൊക്കെ പ്രതിപക്ഷ ആരോപണമെന്ന് നിസാരവത്ക്കരിച്ച് കേന്ദ്രം അത് തള്ളുകയായിരുന്നു. അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്. വിവര ചോർച്ച സ്വകാര്യതയുടെ ലംഘനമാണെന്നും, കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. അതേ സമയം വാർത്തകൾക്ക് പുറത്ത് വന്നതോടെ ടെലഗ്രാം ബോട്ടിലൂടെ ഇപ്പോൾ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.