NEWSWorld

സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞു; ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ ഡോക്ടർമാരായ നവദമ്പതികൾ മുങ്ങി മരിച്ചു 

  വിവാഹ ഫോട്ടോഷൂട്ടിനിടെ തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ക്ക് ബാലിയില്‍ വച്ച് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരൻ, വിബുഷ്‌നിയ എന്നീ നവദമ്പതികളാണ് സ്പീഡ് ബോട്ടിൽ വച്ചുള്ള ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചത്.

ജൂണ്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.  തുടർന്ന് ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തുകയായിരുന്നു.  സ്പീഡ് ബോട്ടിൽ കയറി കടലിൽ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു.

ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. വിബുഷ്നിയുടേത് ശനിയാഴ്ച രാവിലെയും. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമിക വിവരം. ബോട്ട് തലകീഴായി മറിയുകയും ഇരുവരെയും കടലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.

എന്നാല്‍ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തമിഴ്‌നാട് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മുംപ് മലേഷ്യയിലേക്ക് കൊണ്ടുപോകും.

വിബുഷ്‌നിയയുടെ അപ്രതീക്ഷിത വിയോഗം സെന്നര്‍കുപ്പം ഗ്രാമത്തെ ഞെട്ടിച്ചു. വിവാഹദിവസത്തെ ദമ്പതികളുടെ സന്തോഷം നിറഞ്ഞ മുഖമാണ് നാട്ടുകാരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. മടങ്ങിവരുമ്പോള്‍ അവരെ സ്വീകരിക്കാൻ കാത്തിരുന്ന ബന്ധുക്കളെ നവദമ്പതികളുടെ ആകസ്മിക വിയോഗം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്

Back to top button
error: