ഇടവ മാസം തീരാന്‍ കഷ്‌ടിച്ച് ഒരാഴ്‌ച മാത്രം അവശേഷിക്കുമ്ബോഴും ഇടവപ്പാതി എന്നറിയപ്പെടുന്ന കാലവര്‍ഷം കേരളത്തിലെത്തിയില്ല.ഇതുസംബന്ധി ച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ എല്ലാ പ്രവചനങ്ങളെയും വെട്ടിച്ച് കാലവര്‍ഷം ഒളിച്ചുകളി തുടരുമ്ബോള്‍ കേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുന്നു.പണ്ട് ജൂണിൽ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.
കാലവര്‍ഷം ഇത്തവണ ജൂണ്‍ രണ്ടിന് എത്തുമെന്നുമായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ആദ്യം നല്‍കിയ പ്രവചനം.പിന്നീടത് ജൂൺ നാലിലേക്ക് മാറ്റി.ഇപ്പോൾ ജൂൺ എട്ടിന് എത്തുമെന്നാണ് പുതിയ വിവരം.ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ നീളുന്നതാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇടവപ്പാതിയെന്ന പേരില്‍ കേരളത്തില്‍ ആരംഭിച്ച് കേരളത്തിലാണ് അവസാനിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് തുടങ്ങി കര്‍ണാടക, ഗോവ തീരങ്ങളിലൂടെ കൊങ്കണ്‍ മേഖലയില്‍ പ്രവേശിച്ച് മഹാരാഷ്ട്രയിലൂടെ ഇത് ഉത്തരേന്ത്യയിലേക്ക് കടക്കും. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതോടെയാണ് ഉത്തരേന്ത്യയില്‍ അത്യുഷ്‌ണത്തിന് പരിസമാപ്‌തിയാകുന്നത്.കേരളത്തി ല്‍ കാലവര്‍ഷമെത്താന്‍ വൈകുന്നതോടെ ഉത്തരേന്ത്യയിലും മഴക്കാലം ആരംഭിക്കാന്‍ വൈകും. ഇത് ഉത്തരേന്ത്യയിലെ അത്യുഷ്‌ണകാലം കൂടുതല്‍ തുടരുന്നതിന് കാരണമാകും.
1972 ലാണ് കാലവര്‍ഷം എത്തുന്നത് ഏറ്റവും വൈകിയത്. അന്ന് ജൂണ്‍ 18നായിരുന്നു ഇടവപ്പാതി ആരംഭിച്ചത്.1918ല്‍ മെയ് 11നും 1955ല്‍ മെയ് 11നും കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. ആഗോള താപനം മൂലമുള്ള കാലാവസ്ഥ വ്യതിയാനമാണ് കാലവര്‍ഷത്തിന്‍റെ വരവ് വൈകിപ്പിക്കുന്നതെന്ന പൊതുവിലയിരുത്തലാണ് ഉള്ളത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഊഷ്‌മാവിന്‍റെ സാന്നിധ്യം കാലവര്‍ഷക്കാറ്റ് കേരള തീരത്ത് എത്തുന്നത് വൈകിപ്പിക്കുന്നു. ഇന്ത്യയില്‍ ലഭിക്കുന്ന മഴയുടെ 75 ശതമാനവും ലഭിക്കുന്നത് ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയാണ്.
അതേസമയം കാലവര്‍ഷം വൈകുന്നതിനിടയില്‍ പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ടെന്നും മണിക്കൂറിൽ 55 മുതല്‍ 65 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 75 കിലോമീറ്റര്‍ വരെയും കാറ്റിന്‍റെ വേഗം ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പിലുള്ളത്.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ മൂന്നു ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.