ഭുവനേശ്വർ:ബാലസോര്‍ ട്രെയിൻ അപകടത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പോലീസ്.റെയില്‍വേ നിയമത്തിലെ 153, 154, 175 വകുപ്പുകള്‍ പ്രകാരമാണ് റെയില്‍വേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബാലസോര്‍ റെയില്‍വേ പൊലീസിലെ എസ്‌ഐ പപ്പുകുമാര്‍ നായിക്കിന്റെ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337, 338, 304 എ (ജാമ്യമില്ലാത്തത്) & 34 എന്നിവയും ചേർത്താണ് കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്, ഇതില്‍ “അശ്രദ്ധ മൂലമുണ്ടാകുന്ന മരണങ്ങള്‍” ഉള്‍പ്പെടുന്ന റെയില്‍വേ നിയമത്തിലെ 153 വകുപ്പ്, “വ്യക്തികളുടെ സുരക്ഷ അപകടപ്പെടുത്തുന്നു” എന്ന കുറ്റം ഉള്‍പ്പെടുന്ന 154, 175 വകുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.
അതേസമയം ബാലസോര്‍ അപകടസ്ഥലത്തെ റെയില്‍വേ ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് പിന്നാലെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. 275 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദാരുണ അപകടത്തിന് 51 മണിക്കൂറിനുള്ളിലാണ് റെയില്‍വേ ട്രാക്ക് വീണ്ടും ഗതാഗത സജ്ജമായത്.