KeralaNEWS

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽവച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷൻറെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിച്ചത്. സവാദ് തെറ്റ് ചെയ്തെന്നാണ് ആദ്യം കരുതിയത്, എന്നാൽ പെൺകുട്ടിയുടെ വീഡിയോ കണ്ടതോടെ യുവാവ് തെറ്റ് ചെയ്തില്ലെന്ന് മനസിലായെന്നും ഇതോടെയാണ് പിന്തുണയുമായി എത്തിയതുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ സ്വീകരണത്തിന് ശേഷം പ്രതകരിച്ചു.

അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായുള്ള യാത്രക്കിടയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയത്. കഴിഞ്ഞ മെയ് 16ന് ആണ് സംഭവം നടന്നത്. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തൻറെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാൾ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാൻറിൻറെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് യുവാവറിയാതെ മൊബൈലിൽ വീഡിയോ എടുത്ത് ചോദ്യം ചെയ്തതെന്ന് യുവതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

യുവതി ബഹളമുണ്ടാക്കിയതോടെ കെഎസ്ആർടിസി ബസ് കണ്ടക്ടർ ഇടപെട്ടു. ഇതോടെ സവാദ് ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇയാളെ കണ്ടക്ടറും യാത്രക്കാരും പിന്നാലെ ഓടി പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് സവാദിൻറെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, യുവതിയുടെ പരാതി വ്യാജമാണെന്നാണ് ഓൾ കേരള മെൻസ് അസോസിയേഷൻ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതെന്ന് അസോസിയേഷൻ‌ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: