ബര്‍ദ്വാൻ: ട്രെയിൻ കമ്ബാര്‍ട്ട്‌മെന്‍റിനകത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി.ബര്‍ദ്വാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്‌ച വൈകിട്ടാണ് പശ്ചിമ ബംഗാള്‍ ദിനജ്‌പൂര്‍ നിവാസിയായ തെരേസ ഹൻസ്ദ ട്രെയിന്‍ കമ്ബാര്‍ട്ട്‌മെന്‍റിനകത്ത് വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്.
ഭര്‍ത്താവ് റൂബിന്‍ മണ്ഡിക്കൊപ്പം കേരളത്തില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നതിനിടയിലാണ് തെരേസ ഹൻസ്ദയ്ക്ക് പ്രസവവേദന കലശലായത്.തിരുവനന്തപുരം-സില്ചാ ര്‍ എക്‌സ്‌പ്രസിലായിരുന്നു ഇവര്‍ യാത്ര ചെയ്‌തിരുന്നത്.സംഭവത്തിന്‍റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് റെയില്‍വേ അധികൃതര്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ട്രെയിൻ എത്തിയതോടെ ബുര്‍ദ്വാന്‍ സ്‌റ്റേഷനിൽ കാത്തുനിന്ന ഡോക്‌ടര്‍മാരും നഴ്‌സുമാരും ഇവർ സഞ്ചരിച്ചിരുന്ന എസ്-12 കമ്ബാര്‍ട്ട്‌മെന്‍റിലേക്ക് നീങ്ങി. അധികം വൈകാതെ യുവതി കമ്ബാര്‍ട്ട്‌മെന്‍റിനകത്ത് തന്നെ കുഞ്ഞിന് ജന്മം നല്‍കി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്‌ടര്‍മാർ അറിയിച്ചു.
കേരളത്തിലേക്ക് നിര്‍മാണത്തൊഴിലാളികളായി എത്തിയതാണ് റൂബിന്‍ മണ്ഡിയും ഭാര്യയും. പ്രസവത്തീയതി അടുത്തതോടെയാണ് ഇവർ നാട്ടിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്.