CrimeNEWS

ഭിക്ഷക്കാരൻ്റെ സമ്പാദ്യം 2.15 ലക്ഷം രൂപ മോഷ്ടിച്ച് കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ – വീഡിയോ

രു ഭിക്ഷക്കാരൻ തന്റെ ജീവിതകാലം മുഴുവൻ സ്വരുക്കുട്ടി വച്ച സമ്പാദ്യം തന്ത്രപൂർവ്വം മോഷ്ടിച്ച് കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച പെരുംകള്ളൻ ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി. കരുനാഗപ്പള്ളിയിലാണ് ഭിക്ഷാടകനായ സുകുമാരൻ നായരുടെ 2.15 ലക്ഷം രൂപ മോഷ്ടിച്ച ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിലായത്. പണം നഷ്ടമായ വിഷമത്തിൽ മാനസീകവും ശാരീരികവുമായി തളർന്ന ഇയാളെ ജനമൈത്രി പോലീസ് മാവേലിക്കരയിലെ വൃദ്ധ സദനത്തിലേക്ക് മാറ്റിയിരുന്നു. കരുനാഗപ്പളളി മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരൻ നായരുടെ (74) സമ്പാദ്യം മോഷ്ടിച്ച കേസിൽ സോളാർ ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയിൽ മണിലാലിനെ(55)യാണ് എസ്‌.എച്ച്‌. ഒ ബിജു അറസ്റ്റ് ചെയ്തത്. വൃദ്ധന്റെ സമ്പാദ്യത്തിലെ നോട്ടുകൾ എണ്ണിയപ്പോൾ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. ദ്രവിച്ച്‌ പോയ കുറേ നോട്ടുകളുടെ മൂല്യം കണക്കാക്കിയിട്ടില്ല.

കഴിഞ്ഞ 30 വർഷമായി ക്ഷേത്രനടയിൽ ഭിക്ഷയെടുത്താണ് സുകുമാരൻ നായർ ജീവിക്കുന്നത്. രാത്രിയിൽ കരുനാഗപ്പള്ളി പടനായർക്കുളങ്ങര ക്ഷേത്രത്തിൻ്റെ മണ്ഡപത്തിലാണ് ഉറങ്ങിയിരുന്നത്. ഇയാളുടെ കൈവശമുള്ള ചില്ലറകൾ ലോട്ടറിക്കച്ചവടക്കാർ വാങ്ങും. ഇങ്ങനെ ലഭിക്കുന്ന 500, 100 രൂപ നോട്ടുകൾ സ്വരൂപിച്ച്‌ കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതിൽ തല വച്ച്‌ സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരൻ നായരുടെ ഉറക്കം.

ഏപ്രിൽ 26 ന് പുലർച്ചെയാണ് ഇദ്ദേഹത്തിന്റെ ആ പണം നഷ്ടമായത്. പുലർച്ചെ നാലു മണിക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോയ സുകുമാരൻ ശാരീരിക അവശതകൾ കാരണം ഏറെ വൈകിയാണ് തിരിച്ചു വന്നത്. ഈ സമയം പണം അടങ്ങിയ ചാക്ക് ആരോ അറുത്ത് കൊണ്ടുപോയതായി മനസിലാക്കി. പണം നഷ്ടപ്പെട്ടതറിഞ്ഞ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആർ.മുരളി, കമ്മിറ്റി അംഗം ഹരി പോലിസിൽ പരാതിപ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ കംഫർട്ട് സ്‌റ്റേഷൻ ജീവനക്കാരനെ സംശയിച്ചു ചോദ്യം ചെയ്‌തെങ്കിലും കൃത്യം നടത്തിയത് അയാളല്ലെന്ന് വ്യക്തമായി. മഹാദേവർ ക്ഷേത്രത്തിന് അടുത്തുളള കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷൂ ഇട്ട മുഖം പൂർണമായി കാണാൻ പറ്റാത്ത ഒരാൾ വയോധികന്റെ അടുത്തു ചെന്ന് ശുശ്രൂഷിക്കുന്നത് കാണപ്പെട്ടു. ദൃശ്യങ്ങളിൽ നിന്ന് ഇതൊരു സെക്യൂരിറ്റി ജീവനക്കാരനാനെന്ന് മനസിലായി. സംശയം തോന്നി സോളാർ ജ്യുവലറിയിലെ സെക്യൂരിറ്റി മണിലാലിനെയും തൊട്ടടുത്ത കടയിലെ സെക്യൂരിറ്റി പ്രഭാകരൻ പിളളയെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി പല പ്രാവശ്യം ചോദ്യം ചെയ്തു. ഇവർ കുറ്റം നിഷേധിച്ചു.

തുടർന്ന് പല ദിശകളിലായുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൃത്യം നടന്ന ഏപ്രിൽ 26 ന് പുലർച്ചെ അഞ്ചിന് പ്രഭാകരപിളള എന്ന സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ പോകുന്നത് കണ്ടു. എന്നാൽ മണിലാൽ അന്നേ ദിവസം പുലർച്ചെ 5 മണി കഴിഞ്ഞപ്പോൾ ഭിക്ഷാടകൻ കിടക്കുന്ന സ്ഥലത്ത് ചെല്ലുന്നതും ചാക്ക് കെട്ട് അറുത്തുമാറ്റി കൊണ്ടു പോകുന്നതും കണ്ടു. തുടർന്ന് മണിലാലിനെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ആദ്യമൊക്കെ നിഷേധിച്ച ഇയാൾ സിസി ടിവി ദൃശ്യങ്ങൾ കാണിച്ച്‌ ചോദിച്ചപ്പോൾ കുറ്റം ഏറ്റു പറഞ്ഞു. ചാക്ക് കെട്ടിലെ പണം എടുത്ത് വീട്ടുകാർ അറിയാതെ കോഴിക്കൂട്ടിൽ ഒളിച്ചു വച്ചതായി മണിലാൽ മൊഴി നൽകി.

സുകുമാരൻ നായർ വൃദ്ധ സദനത്തിൽ നിന്നും എത്തിച്ച്‌ പണം തിരിച്ചറിഞ്ഞു. തുടർന്ന് പ്രതി മണിലാലുമായി വീട്ടിൽ എത്തി പണമടങ്ങിയ ചാക്ക്‌കെട്ട് കസ്റ്റഡിയിൽ എടുത്തു. സ്‌റ്റേഷനിൽ എത്തിച്ച്‌ എണ്ണിയപ്പോൾ 2,15,000 രൂപയുണ്ടെന്ന് വ്യക്തമായി. കുറച്ചു നോട്ടുകൾ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോയിരുന്നു.

ഭിക്ഷാടകനായ സുകുമാരന് തന്റെ കൈയിലുള്ള പണം എത്രയെന്ന് പോലും തിട്ടമില്ലായിരുന്നു. 75,000 രൂപയോളം ഉണ്ടെന്ന് പറഞ്ഞ് അയാൾ വിലപിച്ചു കൊണ്ടിരുന്നു. പോലീസ് കൊണ്ടു വന്ന് എണ്ണി പണം ഇത്രയുമുണ്ടെന്ന് പറഞ്ഞപ്പോൾ അയാൾക്കും അവിശ്വനീയമായി തോന്നി. കഴിഞ്ഞ ഒരു മാസക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് സ്വർണ്ണക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ മണി ലാലാണ് പണം അപഹരിച്ചതെന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.

Back to top button
error: