Movie

മലയാള സിനിമയിലെ ഒറ്റയാൻ ജോൺ അബ്രഹാം വിട പറഞ്ഞിട്ട് 36 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

ജോൺ അബ്രഹാം ചരമദിനമാണിന്ന്. 1987 മെയ് 31 ന് അമ്പതാം വയസ്സിലാണ് വിഷയ സമീപനത്തിലും പ്രതിപാദനത്തിലും നവഭാവുകത്വം മുഖമുദ്രയാക്കിയ മലയാള സിനിമയിലെ ഒറ്റയാൻ ജോൺ അന്തരിക്കുന്നത്. ജനകീയ ചലച്ചിത്ര നിർമ്മാണം അദ്ദേഹത്തിന്റെ മറ്റൊരു മുദ്രയായിരുന്നു. നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ: വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1972), അഗ്രഹാരത്തിൽ കഴുതൈ (1977), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1980), അമ്മ അറിയാൻ (1986).

Signature-ad

‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന തമിഴ് ചിത്രമാണ്. ബാൽതാസാർ എന്ന ഫ്രഞ്ച് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വെങ്കട്ട് സ്വാമിനാഥൻ രചിച്ചു. മുഖ്യവേഷം ചെയ്‌തത്‌ എംബി ശ്രീനിവാസനാണ്. ഒരു കഴുതക്കുട്ടിയെ ദത്തെടുത്ത് സമൂഹത്തിന്റെ അവഹേളനത്തിന് പാത്രമാവുന്ന പ്രഫസർ, കഴുതയെ പരിപാലിക്കാൻ ഗ്രാമത്തിലെ ഉമ എന്നൊരു പെൺകുട്ടിയെ ഏൽപ്പിക്കുന്നു. ഒരുത്തനുമായി ബന്ധത്തിലായിരുന്ന ഉമ ഗർഭിണിയായി ചാപിള്ളയെ പ്രസവിച്ചപ്പോൾ ഉമയുടെ അമ്മ കുഞ്ഞിന്റെ മൃതശരീരം മലമുകളിലെ ക്ഷേത്രനടയിൽ കൊണ്ടിട്ട് അങ്ങനെ ചെയ്‌തത്‌ കഴുതയാണെന്ന് കള്ളം പറഞ്ഞു. കുപിതരായ നാട്ടുകാർ കഴുതയെ കല്ലെറിഞ്ഞ് കൊന്നു. ശേഷം ഗ്രാമത്തിൽ ഐശ്വര്യങ്ങൾ നിറഞ്ഞ അദ്‌ഭുതങ്ങൾ സംഭവിക്കുകയാണ്. ഗ്രാമവാസികൾ കഴുതയ്ക്ക് അമ്പലം പണിയാൻ തീരുമാനിക്കുന്നു. കഴുതയുടെ അസ്ഥികൂടം എടുത്ത് ഉപചാരപൂർവം സംസ്ക്കരിക്കുമ്പോൾ കഴുതയുടെ തലയോട്ടിയിൽ നിന്നുള്ള തീ ഗ്രാമത്തെയാകെ നശിപ്പിക്കുന്നു.

നിർമ്മാതാക്കളിൽ ഒരാൾ ജോണിന്റെ സഹോദരി സൂസൻ ആണ്. അഞ്ച് വർഷമെടുത്തു ചിത്രം പൂർത്തിയാകുവാൻ. കഴുതയുടെ തലയോട്ടി ചത്ത ഒരു കഴുതയുടെ തലഭാഗം മുറിച്ച് വൃത്തിയാക്കിയതാണ്. ജിപ്‌സം കൊണ്ട് കൃത്രിമമായി നിർമ്മിക്കാമെന്ന നിർദ്ദേശം ജോൺ അംഗീകരിച്ചില്ല.

അന്താരാഷ്ട്ര ഉത്സവങ്ങളിൽ ജോണിന് പേര് നേടിക്കൊടുത്ത ചിത്രമാണ് അഗ്രഹാരത്തിൽ കഴുതൈ. ചിത്രത്തിനെതിരെ ബ്രാഹ്മണ സമുദായത്തിന്റെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു.

Back to top button
error: