പോസിറ്റീവായി ചിന്തിക്കാൻ, ഉറച്ച ആത്മവിശ്വാസം ഉള്ളവരായി വളരാൻ പെൺകുട്ടികളെ സഹായിക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമ മാത്രമല്ല, ഇന്നിന്റെ ആവശ്യവുമാണ്.സംസാരം, കാഴ്ചപ്പാട്, ചിന്തകൾ,പൊതുഇടങ്ങളിലെ ഇടപെടൽ… തുടങ്ങി എല്ലാം പൊസിറ്റീവായി അവളിൽ ചെറുപ്പത്തിലേ നിറയ്ക്കണം.നിനക്കിത് ആകും എന്ന് അവളെ ബോധ്യപ്പെടുത്തണം.അരുതാത്തത് കണ്ടാൽ നോ പറയാൻ അവളെ പ്രാപ്തയാക്കണം.
കേരളത്തിൽ പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് ഓരോദിവത്തേയും കണക്കുകൾ സൂചിപ്പിക്കുന്നത്.ദിവസവും ഒരു പീഡനക്കേസെങ്കിലും ഇല്ലാതെ പത്രങ്ങൾ പുറത്തിറങ്ങുന്നില്ലെന്നാണ് വാസ്തവം.രണ്ട് വയസ്സുകാരി മുതൽ തൊണ്ണൂറുകാരി വരെ പീഡിപ്പിക്കപ്പെടുന്നു.വാട്സ് ആപ്, ഫേസ്ബുക്ക് കെണികളിൽപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.പോക്‌സോ കേസുകളിൽ അടക്കം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോലീസ് ക്രൈം രജിസ്റ്റർ ചെയ്തത് അനുസരിച്ച് 2021ൽ 16,418 അതിക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020ൽ ഇത് 12,659 അതിക്രമങ്ങൾ ആയിരുന്നു. ഈ വർഷം ഇതുവരെ 1,747 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സന്തം നാടെന്ന പേരിൽ ലോകത്തിന് മുന്നിൽ അഭിമാനം കൊള്ളുന്ന കേരളത്തിൽ സ്ത്രീകൾ പ്രത്യേകിച്ച്, പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല.രാജ്യത്തെ മൊത്തം കണക്കെടുത്താൽ നമ്മൾ ഞെട്ടിപ്പോകും.അത്രയ്ക്കും ഭീകരമാണ് പെൺകുട്ടികളുടെ ഇന്നത്തെ ജീവിതം.
ഇക്കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് അമ്മമാരാണ്.പെൺകുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അമ്മമാരുടെ സ്വാധീനമാണ് കൂടുതൽ ഉണ്ടാകുന്നത്.അ മ്മമാരിൽ പലരും ഇത് വേണ്ടത്ര തിരിച്ചറിയാറില്ലെങ്കിൽപ്പോലും. കുട്ടികളുടെ മുന്നിൽ പെരുമാറ്റവും വാക്കുകളും സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ.എന്തു പറയുന്നു എന്നു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതും ശ്രദ്ധിക്കണം. നല്ല വാക്കുകളും നല്ല സംസാരരീതിയും അച്ഛനമ്മമാരും ശീലിക്കണം.അമ്മയുടെ വഴിവിട്ട ജീവിതം കണ്ട് നശിച്ചുപോയ എത്രയോ പെൺകുട്ടികൾ ഇവിടെയുണ്ട്.അച്ഛന്റെ മദ്യപാനവും പേക്കൂത്തും കണ്ട്, എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്ന് ചിന്തിച്ചു വീടുവിട്ടിറങ്ങി ചതിക്കുഴികളിൽ പെട്ട എത്രയോ പെൺകൊടികൾ…!
അച്ഛന്റെ ശ്രദ്ധയും വാക്കുകളും സമീപനവും പെൺകുട്ടികളെ വളർച്ചയുടെ ഏതു ഘട്ടത്തിലും സ്വാധീനിക്കും എന്നത് മറക്കരുത്. ‘എന്റെ മോൾ സുന്ദരിയാണ്’ എന്നൊരച്ഛൻ പറയുന്നതിലേറെ സന്തോഷമുണ്ടാകും ‘എത്ര ബുദ്ധിപൂർവമാണെന്റെ മോൾ പ്രശ്നം കൈകാര്യം ചെയ്യുന്നത്’ എന്നോ ‘അനിയത്തിയുടെ കാര്യങ്ങൾ അവൾ എത്ര സ്നേഹത്തോടെയാണ് ചെയ്തു കൊടുക്കുന്നത്’ എന്നോ പറഞ്ഞു കേൾക്കുമ്പോൾ.
പെൺകുട്ടിയല്ലേ എന്നു കരുതി ആൺകുട്ടികളെ ഏൽപിക്കുന്ന ഒരു ജോലിയിൽ നിന്നും അവരെ ഒഴിവാക്കാതിരിക്കുക. വ്യക്തിത്വത്തെ ബഹുമാനിച്ച് നിയന്ത്രണങ്ങൾ വച്ചാൽ മതി. വഴക്കു പറയുന്നതു പോലും ബഹുമാനത്തോടെയാകട്ടെ. അസ്വസ്ഥരായോ വികാരഭരിതരായോ ഇരിക്കുമ്പോൾ ഉപദേശങ്ങളുമായി ചെല്ലുകയുമരുത്.
നാലോ അഞ്ചോ വയസ്സു മുതൽ തന്നെ ‘വായാടിയാണ്’, ‘എപ്പോഴും കുരുത്തക്കേടു തന്നെ’ തുടങ്ങിയ ‘വിശേഷണ’ങ്ങളും ‘അങ്ങോട്ടു പോകല്ലേ, വീഴും…’ പോലുള്ള ‘അ രുതു’കളും കേട്ടു വളരുന്ന കുട്ടിയുടെ മനസ്സിൽ ഇതെല്ലാം അറിയാതെ പതിയും.എന്തു ചെയ്യുമ്പോഴും സംശയവും ആത്മവിശ്വാസമില്ലായ്മയും വളരുന്നത് അങ്ങനെയാണ്. കുഞ്ഞിന്റെ കാര്യങ്ങൾ അവഗണിക്കുന്നു എന്നോ അമിതമായി ശ്രദ്ധിക്കുന്നു എന്നോ തോന്നിയാൽ സ്വഭാവത്തിൽ അനാവശ്യ വാശിയും നിർബന്ധങ്ങളും ഉണ്ടാകാം.
തെറ്റു വരുമ്പോൾ ഞാൻ മോശമായല്ലോ എന്ന് സങ്കടം തോന്നാം. ആത്മവിശ്വാസം നഷ്ടമാകാം. തെറ്റുകൾ ജീവിതത്തിന്റെ ഭാഗമാണെന്നും തെറ്റിലൂടെ പലതും പഠിക്കാനുണ്ടെന്നും അവരോട് പറയുക.
പഠനത്തിൽ താൽപര്യക്കുറവ് കാണിക്കുന്നതും അനാവശ്യ ഭയവും വിഷാദഭാവവും തർക്കുത്തരം പറയുന്നതും പോലുള്ള ചില മാറ്റങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ പെൺകുട്ടികൾ കാണിക്കാറുണ്ട്. ഇത് സാധാരണയായി കാണുന്ന മാറ്റം തന്നെയാണോ മറ്റെന്തെങ്കിലും പ്രത്യേക കാരണം ഇതിനു പിന്നിലുണ്ടോ എന്നും തിരിച്ചറിയണം.
പെൺകുട്ടികൾ പൊതുവെ വൈകാരികത കൂടുതൽ പ്രക ടിപ്പിക്കുന്നവരാണ്.ഏത് തിരക്കിനിടയിലും കുഞ്ഞ് പറയുന്നതെല്ലാം കേൾക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തിയേ തീരൂ.ഒരു ആൺകുട്ടി ഇഷ്ടമാണെന്നു മകളോട് പറഞ്ഞെന്നറിഞ്ഞാൽ വികാരവിക്ഷോഭത്തോടെ അതിനെ സമീപിക്കാതെ എന്താണുണ്ടായതെന്ന് വ്യക്തമായി മനസ്സിലാക്കി ചർച്ച ചെയ്ത് പരിഹാരം കാണുകയാണ് വേണ്ടത്.
അന്യരുടെ ഭാഗത്ത് നിന്നുമുള്ള സ്പർശനത്തെക്കുറിച്ച് കുട്ടിക്കാലത്തേ പറഞ്ഞു കൊടുക്കണം. നല്ല രീതിയിലും മോശം രീതിയിലുമുള്ള സ്പർശനം തിരിച്ചറിയാൻ കഴിയണമെങ്കിൽ നേരത്തേ അതിനെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഏതെങ്കിലും പ്രത്യേക രീതിയിലുള്ള സ്പർശനം ആവർത്തിക്കുന്നുവെങ്കിൽ ‘കൈ മാറ്റൂ, എന്നെതൊടുന്നത് ഇഷ്ടമല്ല’ എന്ന് വാക്കാലോ മറ്റെന്തെങ്കിലും ഭാവത്തിലൂടെയോ അയാളെ നേരിട്ട് അറിയിക്കാൻ പഠിപ്പിക്കണം.അമ്മയോട് അത്തരം കാര്യങ്ങൾ പങ്കുവയ്ക്കണമെന്നും പറയാം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ കൈയകലം പാലിക്കാൻ അവളോട് പറയാം.
ശരീരം എപ്പോഴും നിവർന്നിരിക്കണം, ചാഞ്ഞും ചരിഞ്ഞും നോക്കാതെ നേരെ നോക്കണം എന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അതിവൈകാരികത വേണ്ടെന്നും പരാജയമായാലും വിജയമായാലും ഒരേ മനസ്സോടെ സ്വീകരിക്കണമെന്നും പഠിപ്പിക്കണം.
ഒരു ചൊല്ലുണ്ട്: ഒരു ആൺകുട്ടിയെ വളർത്തുന്നു – ഒരു പുരുഷനെ വളർത്തുന്നു, ഒരു പെൺകുട്ടിയെ വളർത്തുന്നു – ഒരു രാഷ്ട്രത്തെ വളർത്തുന്നു. ഇത് ശരിയാണ്, കാരണം നിങ്ങൾ ഒരു പെൺകുട്ടിയുടെ മനസ്സിൽ ഇടുന്നതെല്ലാം അവളുടെ സന്തതികളിലേക്ക് പോകും.ഭാവി തലമുറയുടെ അടിത്തറയാണ് പെൺകുട്ടി, മറക്കരുത്…!