KeralaNEWS

പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി പോലീസ് പിടിയിൽ

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട ഗവി സ്വദേശി ഈശ്വരനാണ് ഇന്ന് പിടിയിലായത്. പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാൽ ഇയാൾ പൊന്നമ്പലമേട്ടിലേക്ക് പോയിരുന്നില്ല.

ശബരിമല പൊന്നന്പലമേട്ടിലേക്കുളള പ്രവേശനത്തിന് നിയന്ത്രണമേർപെടുത്തി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും ഇവിടേക്ക് കടക്കരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പൊന്നമ്പലമേട്ടിൽ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ സംഭവത്തിൽ സ്വമേഥയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകി.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നതോടെയാണ് കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. ദേവസ്വം അധികൃതർ പരാതി നൽകിയതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ മൂഴിയാർ പൊലീസ് കേസെടുത്തത്. നാരായണനും സംഘത്തിനും സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസവും അറസ്റ്റിലായി. സംഭവത്തിൽ പൊലീസും വനം വകുപ്പും കേസെടുത്തിട്ടുണ്ട്. പൂജ നടത്തിയ നാരായണൻ ഒളിവിലാണ്.

Back to top button
error: