CrimeNEWS

വെല്ലൂർ മെഡിക്കൽ കോളജിൽ മകന് എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: തമിഴ്നാട് സ്വദേശിയെ ഒളിസങ്കേതത്തിൽനിന്ന് അതിസാഹസികമായി പോലീസ് സംഘം പിടികൂടി

കോട്ടയം: പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അമ്പത്തൂർ പിള്ളയാർ കോവിൽ സ്ട്രീറ്റിൽ ശിവപ്രകാശ് നഗർ door no. 162 – ൽ വിജയകുമാർ (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് തമിഴ്നാട്ടിലെ വെല്ലൂരിലെ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം സീറ്റ് നൽകാതെ ഇയാൾ കബളിപ്പിക്കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഈ കേസിലെ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനു സാമുവലിനെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ കൂട്ടുപ്രതിയായ തമിഴ്നാട് സ്വദേശിയായ ഇയാൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയ്ക്ക് ഒടുവിലാണ് ഇയാളെ ചെന്നെയിലെ ഒളിവു സങ്കേതത്തിൽ നിന്നും അതിസാഹസികമായി പോലീസ് സംഘം പിടികൂടുന്നത്. ഇയാൾ തട്ടിപ്പിനു വേണ്ടി 18 ഓളം സിംകാർഡുകളാണ് മാറിമാറി ഉപയോഗിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇയാൾക്ക് തൃശൂർ വെസ്റ്റ്, പന്തളം, അടൂർ എന്നീ സ്റ്റേഷനുകളിൽ സമാന രീതിയിൽ പണം തട്ടിയെടുത്ത കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: