LocalNEWS

നാടിന്റെ വികസന സങ്കൽപങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടേയും ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് നാടിന്റെ വികസന സങ്കൽപങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മൂന്നാം വർഷത്തിലേക്കു കടക്കുന്നതെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് 900 കാര്യങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ അതിൽ 809 കാര്യങ്ങളും നടപ്പാക്കി കഴിഞ്ഞു എന്നതാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് എല്ലായ്‌പ്പോഴും ജനങ്ങളോട് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിശദീകരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതിന് തെളിവാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രോഗ്രസ് റിപ്പോർട്ട്. ജില്ലയിലെ ആതുര സേവന രംഗത്തും പശ്ചാത്തല വികസന രംഗത്തും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. സർക്കാരിന്റെ റീ ബിൽഡ് കേരളയിലൂടെ ലഭിച്ച ഭരണാനുമതി ജില്ലയിലെ വിവിധ റോഡുകൾ ആധുനീകനിലവാരത്തിൽ മികവുറ്റതാക്കുന്നതിന് കാരണമായെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനനശേഷം മേളയിലും മേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും സമ്മാനാർഹമായ വിവിധ വകുപ്പുകൾക്കും, സ്റ്റാളുകൾക്കും, വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച വിവിധ കോളേജുകൾക്കും, ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച സെൽഫി മത്സര വിജയികൾക്കുമുള്ള പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു. ഐ.ടി. -അക്ഷയ സ്റ്റാളുകളുടെ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ അധ്യക്ഷയായി. ജില്ലാ കളക്ടർ ഡോ: പി.കെ ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ മേനോൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.ആർ. അനുപമ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ ഡോ: ബൈജു വർഗീസ് ഗുരുക്കൾ, ഐ.പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. പ്രഗാഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

Back to top button
error: