KeralaNEWS

ഓണപ്പരീക്ഷ ആഗസ്റ്റ് 17 മുതല്‍ 24 വരെ 

പുതിയ അധ്യയന വര്‍ഷത്തെ ഒന്നാംഘട്ട പരീക്ഷ (ഓണ പരീക്ഷ) ആഗസ്റ്റ് 17 മുതല്‍ 24 വരെ നടത്താൻ ഇന്നലെ ചേര്‍ന്ന ക്യു ഐ പി യോഗം അംഗീകാരംനല്‍കി.പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിന് രൂപം കൊടുക്കാൻ  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അര്‍ധ വാര്‍ഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) ഡിസംബര്‍ 14ന് തുടങ്ങി 21ന് അവസാനിപ്പിക്കാനും ശിപാര്‍ശയുണ്ട്.കലോത്സവങ്ങളും കായിക മേളയും ആഗസ്റ്റില്‍ ആരംഭിക്കും.ഈ വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ പരമാവധി 220 വരെയായിരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇതിനായി സാധ്യമായ ശനിയാഴ്ചകളും ഉപയോഗപ്പെടുത്തണമെന്നും വാര്‍ഷിക വിദ്യാഭ്യാസ കലണ്ടര്‍ ഡിജിറ്റലാക്കുന്നതിന് പ്രത്യേക വെബ്‌സൈറ്റ് രൂപപ്പെടുത്തണമെന്നും യോഗത്തിൽ നിര്‍ദേശമുയർന്നു.

 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും എസ് എസ് കെ, എസ് സി ഇ ആര്‍ ടി, കൈറ്റ്, എസ് ഐ ഇ ടി തുടങ്ങി അനുബന്ധ ഏജന്‍സികളുടെയും മുഴുവന്‍ പഠനപ്രവര്‍ത്തനങ്ങളും കലണ്ടറിന്റെ ഭാഗമാകും. ലോകത്ത് എവിടെയിരുന്നും കേരളത്തിന്റെ വിദ്യാഭ്യാസ കലണ്ടര്‍ പരിശോധിക്കാനും ഓരോ മാസങ്ങളിലെയും പഠന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മനസിലാക്കാനും ഡിജിറ്റലൈസേഷന്‍ വഴിയൊരുക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത അധ്യാപക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

 

അതേസമയം വാര്‍ഷിക പരീക്ഷാ തീയതി സംബന്ധിച്ച്‌ ഒന്നുകൂടി ചര്‍ച്ച ചെയ്തശേഷം സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിക്കും. യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: