KeralaNEWS

കാർഷികരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരമുണ്ടാക്കും: കൃഷിമന്ത്രി പി പ്രസാദ്

പാലാ: ലോകത്താകമാനം കാർഷിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ കാർഷിക മേഖലക്ക് ഉതകുംവിധം പ്രവർത്തികമാക്കുവാനും കർഷകർക്ക് ഇനിയും അവസരം ഉണ്ടാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ വിപണി ഇടപെടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇസ്രയേൽ കാർഷിക രീതികളെക്കുറിച്ച് പഠിക്കാൻ കർഷകരുടെ ഒരു സംഘത്തെ ഇസ്രായേലിലേക്കും കൂൺ കൃഷിയെ കുറിച്ച് പഠിക്കുന്നതിനായി മറ്റൊരു സംഘത്തെ സോളാനിലേക്കും അയച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള കാർഷികരീതികളെക്കുറിച്ച് പഠിക്കുവാനായി ഇനിയും കർഷകരെ അയക്കുമെന്ന് മന്ത്രി പറഞ്ഞു.

പഴവർഗ കൃഷിരീതികൾ മനസിലാക്കാൻ കർഷകരെ വിയറ്റ്‌നാമിലേക്ക് അയക്കുന്നതിനെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. കാർഷികമേഖലയിൽ പരമ്പരാഗത രീതിയിൽ നിന്നുള്ള മാറ്റം അനിവാര്യമാണ്. ഒരു വിളയ്ക്ക് ഒരു പദ്ധതി എന്നരീതിക്ക് പകരം കേരളത്തിന്റെ വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ വിളകൾ കൃഷി ചെയ്തുകൊണ്ട് മികച്ച വരുമാനം നേടാൻ കർഷകനെ പ്രാപ്തമാക്കുന്ന കൃഷിയിട ആസൂത്രണം നടത്തണം. അതിനായി ഫാം പ്ലാൻ പദ്ധതി നടപ്പാക്കാനും അതിന്റെ ഭാഗമായി 10760 ഫാം പ്ലാനുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കർഷകർക്ക് പ്രയോജനം ലഭിക്കണമെന്നുണ്ടെങ്കിൽ കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തണം. ഇതിനായി 11 വകുപ്പുകൾ സംയോജിപ്പിച്ച് മൂല്യവർധിത കാർഷികമിഷൻ രൂപീകരിച്ചു. ‘കേരളാഗ്രോ’ എന്ന ബ്രാൻഡിൽ കൃഷിവകുപ്പ് ഉൽപന്നങ്ങൾ ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിപണനം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ കൃഷിവകുപ്പിന്റെ ഫാമുകളുടെ ഉൽപന്നങ്ങളാണ് വിൽപനക്ക് തയ്യാറായിട്ടുള്ളത്. 100 ഉൽപ്പന്നങ്ങളാണ് വിൽപനയ്ക്ക് ലക്ഷ്യമിട്ടതെങ്കിലും 131 ഉത്പ്പന്നങ്ങൾ വിപണനത്തിന് തയാറായതായി മന്ത്രി അറിയിച്ചു. കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് 4.64% വളർച്ച കൈവരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. ഇടനിലക്കാരില്ലാതെ കർഷകർക്ക് കാർഷികോൽപ്പന്നങ്ങളും, മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണനം നടത്തുന്നതിനായി ആരംഭിച്ച വിവിധ എക്കോ ഷോപ്പുകൾ, കോൾഡ് സ്റ്റോറേജ്, പാക്ക് ഹൗസ്, പ്രിസർവേഷൻ യൂണിറ്റ്, പ്രാഥമിക സംസ്‌കരണ യൂണിറ്റ്, സോളാർ ട്രൈ സൈക്കിൾ വിതരണം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും കൃഷിയിടങ്ങളിൽ സസ്യസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നൂതന സാങ്കേതികവിദ്യയായ ഡ്രോൺ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

മാണി സി കാപ്പൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മുതിർന്ന കർഷകൻ കന്നപ്പള്ളിൽ ബേബി ജോണിനെ മന്ത്രി ആദരിച്ചു. പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിജു തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി ശ്രീകല, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരൻ, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, നഗരസഭാംഗം ബിജി ജോജോ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചെയർമാൻ ഫാ. തോമസ് കിഴക്കയിൽ, മുത്തോലി ഗ്രാമീണം പ്രസിഡന്റ് എൻ.കെ ശശികുമാർ, പ്രതീക്ഷ പച്ചക്കറി സംഘം കൺവീനർ റോബിൻ പി. ജോയ് എന്നിവർ പങ്കെടുത്തു.

Back to top button
error: